ജമ്മു: പാക്കിസ്ഥാനിൽനിന്നു കാഷ്മീരിൽ വൻ ആയുധസന്നാഹവുമായി നുഴഞ്ഞുകയറിയ നാലു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു.
ഒരു ട്രക്കിൽ സഞ്ചരിക്കവേയാണു ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചത്. ഇന്നലെ രാവിലെ 7.30ന് ജമ്മു-ശ്രീനഗർ ദേശീയപാതയിൽ താവി പാലത്തിനു സമീപമായിരുന്നു ഏറ്റുമുട്ടൽ.
കരസേനയും പോലീസും സംയുക്തമായാണു ഭീകരരെ നേരിട്ടത്. നാലു ഭീകരരുടെയും മൃതദേഹം ട്രക്കിൽനിന്നു കണ്ടെടുത്തു.
ഏഴ് എകെ അസോൾട്ട് റൈഫിളുകൾ, ഒരു എം4 റൈഫിൾ, മൂന്നു കൈത്തോക്കുകൾ, 14 ഗ്രനേഡുകൾ, വെടിക്കോപ്പുകൾ തുടങ്ങിയവ ഭീകരരുടെ പക്കൽനിന്നു പിടിച്ചെടുത്തതായി ജമ്മു സോൺ എഡിജിപി മുകേഷ് സിംഗ് പറഞ്ഞു.
രക്ഷപ്പെട്ട ട്രക്ക് ഡ്രൈവർക്കായി അന്വേഷണം ഊർജിതമാക്കി. ജമ്മുവിൽനിന്നു ശ്രീനഗർ ഭാഗത്തേക്കു സംശയകരമായ തരത്തിൽ പോകുകയായിരുന്ന ട്രക്കിനെ സുരക്ഷാസേന പിന്തുടർന്നു.
സിധ്ര ചെക് പോയിന്റിനു സമീപം ട്രക്ക് നിർത്തി. പ്രാഥമിക കൃത്യം നിർവഹിക്കാനെന്ന വ്യാജേന ഡ്രൈവർ ഇറങ്ങി രക്ഷപ്പെട്ടു.
സംശയം തോന്നിയ പോലീസ് സംഘം ട്രക്കിൽ പരിശോധന നടത്തവേ ട്രക്കിന്റെ അകത്തുണ്ടായിരുന്ന ഭീകരർ വെടിവച്ചു. തുടർന്നു സൈന്യം നടത്തിയ പ്രത്യാക്രമണത്തിലാണു നാലു ഭീകരർ കൊല്ലപ്പെട്ടത്.
ഭീകരർ എത്തിയ ട്രക്കിന്റേത് വ്യാജ നന്പർ ആയിരുന്നുവെന്ന് എഡിജിപി മുകേഷ് സിംഗ് പറഞ്ഞു. എൻജിൻ, ഷാസി നന്പറുകൾ മായ്ക്കാനും ശ്രമം നടന്നിരുന്നു.
നവംബറിൽ ജമ്മുവിലെ നർവാൾ ബൈപാസിൽ ഒരു ട്രക്കിൽനിന്ന് ആയുധങ്ങൾ കണ്ടെടുത്തതിനെത്തുടർന്നു സുരക്ഷാസേന ജാഗ്രതയിലായിരുന്നു. മൂന്ന് ജയ്ഷ്-ഇ-മുഹമ്മദ് ഭീകരരെ അന്നു പിടികൂടിയിരുന്നു.