കോട്ടയം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജില്ലയില്‍ പോലീസ് ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. ഇതിനായി 1700 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.
സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിംഗ് സംഘങ്ങളുണ്ടാകും. പ്രധാന ഇടങ്ങളില്‍ മഫ്തി പോലീസിന്റെ സാന്നിധ്യമുണ്ടാകും. മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.
അമിത വേഗത്തിലും അശ്രദ്ധമായും വാഹനമോടിക്കുന്നവര്‍ക്കെതിരേയും നടപടിയുണ്ടാകും. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കില്ല.
പൊതുസ്ഥലത്ത് ലഹരി ഉപയോഗിക്കുന്നത്, നിരോധിത മയക്കുമരുന്നുകളുടെ വില്പന, ഉപയോഗം എന്നിവ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഊര്‍ജിതമാക്കും.
അനധികൃത മദ്യനിര്‍മാണം, ചാരായ വാറ്റ്, സെക്കൻഡ്സ് മദ്യവില്പന തുടങ്ങിയവ കണ്ടെത്തുന്നതിന് പ്രത്യേക സംഘത്തെ നിയോഗിച്ചു.
ബാറുകള്‍, കള്ളുഷാപ്പുകള്‍ എന്നിവിടങ്ങളില്‍ വില്പന നടത്തുന്ന മദ്യം സാമ്പിളുകള്‍ ശേഖരിച്ച് രാസപരിശോധനയ്ക്ക് വിധേയമാക്കും.
ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, മാര്‍ക്കറ്റുകള്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് പട്രോളിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നഗരത്തില്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയില്‍ പൊതുജനശല്യമുണ്ടാക്കുന്നവരെയും സ്ത്രീകളെയും കുട്ടികളെയും ശല്യം ചെയ്യുന്നവരെയും നിരീക്ഷിക്കാന്‍ മഫ്തി പോലീസുദ്യോഗസ്ഥരെ വിന്യസിക്കും.
ജില്ലാ അതിര്‍ത്തികളില്‍ പ്രത്യേക പരിശോധനയുണ്ടാകും. പോക്കറ്റടിക്കാര്‍, പിടിച്ചുപറിക്കാര്‍, ലഹരി വില്‍പ്പനക്കാര്‍, ഗുണ്ടകള്‍ തുടങ്ങിയ മുന്‍കാല കുറ്റവാളികളും സാമൂഹ്യ വിരുദ്ധരും വിവിധ കേസുകളില്‍ ജാമ്യമെടുത്തിട്ടുള്ളവരും പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്.
ന്യൂ ഇയര്‍, ഡിജെ പാര്‍ട്ടികള്‍ പോലീസിന്റെ കര്‍ശന നിരീക്ഷണത്തിലായിരിക്കുമെന്നും ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തിക് പറഞ്ഞു.