സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെ (82) അന്തരിച്ചു. അർബുദത്തെ തുടർന്നു ചികിത്സയിലായിരുന്നു. സാവോ പോളോയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയിലായിരുന്നു അന്ത്യം.
ബ്രസീലിനായി മൂന്ന് തവണ ലോകകപ്പ് നേടി ചരിത്രം സൃഷ്ടിച്ച താരമാണ് പെലെ. 1958, 1962, 1970 ലോകകപ്പുകളിലായിരുന്നു പെലെ ബ്രസീലിനെ കിരീടം ചൂടിച്ചത്. ഈ നേട്ടം സ്വന്തമാക്കുന്ന ഏക ഫുട്ബോള്‍ താരവും പെലെയാണ്.
ലോകം കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ് പെലെ. 15-ാം വയസില്‍ ബ്രസീലിന്റെ പ്രസിദ്ധമായ ഫുട്ബോള്‍ ക്ലബായ സാന്റോസിനൊപ്പമാണ് പെലെ പന്ത് തട്ടി തുടങ്ങിയത്.
1957 ജൂലൈ ഏഴിനാണ് ബ്രസീൽ ജഴ്സിയിൽ പെലെ കളത്തിലിറങ്ങിയത്. അതും ചിരവൈരികളായ അർജന്റീനയ്ക്കെതിരെ. അന്ന് പതിനാറു വയസുമാത്രമായിരുന്നു പെലെയുടെ പ്രായം.
1958-ൽ പെലെ ലോകകപ്പില്‍ അരങ്ങേറി. സെമിയില്‍ ഫ്രാന്‍സിനെതിരേ ഹാട്രിക്ക് നേടി ഫുട്ബോള്‍ ചരിത്രത്തില്‍ ഇടംപിടിച്ചു.
ലോകകപ്പ് ചരിത്രത്തില്‍ ഹാട്രിക്ക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് അന്ന് പെലെയ്ക്ക് സ്വന്തമായി. സ്വീഡനെതിരായ ഫൈനലിലും ഇരട്ട ഗോള്‍ നേടി. സ്വീഡനെ രണ്ടിനെതിരേ അഞ്ചു ഗോളിനു തകര്‍ത്താണ് അന്ന് ബ്രസീല്‍ കിരീടം നേടിയത്.
1971 ജൂലൈ 18-ന് റിയോ ഡി ഷാനെയ്റോയില് യൂഗോസ്ലാവിയക്കെതിരെയായിരുന്നു ബ്രസീല്‍ കുപ്പായത്തിൽ പെലെയുടെ അവസാന മത്സരം. 1977 ഒക്ടോബര്‍ ഒന്നിന് ന്യൂയോര്‍ക്ക് കോസ്മോസും സാന്റോസും തമ്മിലുള്ള മത്സരത്തിലൂടെ പെലെ ഫുട്ബോളിൽനിന്നും വിടവാങ്ങി.
സാവോ പോളോ: ഫുട്ബോൾ ഇതിഹാസം പെലെയുടെ നിര്യാണത്തിൽ വികാരനിർഭരമായ കുറിപ്പുമായി ബ്രസീല്‍ ഫുട്ബോളർ നെയ്മർ. പെലെയ്ക്ക് മുമ്പ്, 10 എന്നത് വെറുമൊരു സംഖ്യ മാത്രമായിരുന്നെന്ന് നെയ്മർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു.
“ജീവിതത്തിന്റെ പല സന്ദര്‍ഭങ്ങളിലും ഈ വാക്കുകള്‍ താന്‍ കേട്ടിട്ടുണ്ട്. പക്ഷേ ആ വാക്കുകൾ മനോഹരമാണ്, അപൂർണ്ണമാണ്. ഞാൻ പറയും, പെലെയ്ക്ക് മുന്‍പ് ഫുട്ബോള്‍ ഒരു കായിക വിനോദം മാത്രമായിരുന്നു. പെലെ എല്ലാം മാറ്റി. ഫുട്ബോളിനെ പെലെ ഒരു കലയാക്കി, വിനോദോപാധിയാക്കി.
ദരിദ്രർക്ക് ശബ്ദം നല്കി, ഭൂരിഭാഗവും കറുത്ത വംശജര്‍ക്ക്. ബ്രസീലിന് അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധ ലഭിച്ചു. ഫുട്ബോളും ബ്രസീലും അവരുടെ നിലവാരം മികച്ചതാക്കി. രാജാവിന് നന്ദി. അദ്ദേഹം പോയി, എന്നാല്‍ അദ്ദേഹത്തിന്റെ മാജിക് ഇവിടെ തന്നെയുണ്ട്. പെലെ അനശ്വരനാണ്.”-നെയ്മർ കുറിച്ചു.