പത്തനംതിട്ട: കാറിൽ സഞ്ചരിച്ച കുടുംബത്തെ വഴിതടഞ്ഞ് ആക്രമിക്കുകയും, വീട്ടമ്മയേയും മകളെയും കൈയേറ്റം ചെയ്യുകയും ചെയ്ത കേസിൽ ഒരാളെക്കൂടി പെരുനാട് പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്മസ് ദിവസം രാത്രി ഒന്പതിനുശേഷം വടശേരിക്കര ചിറയ്ക്കൽ ഭാഗത്താണ് സംഭവം. കാറിൽ വീട്ടിലേക്ക് ഭാര്യയ്ക്കും മകൾക്കുമൊപ്പം യാത്രചെയ്തുവന്ന വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം പള്ളിവാതുക്കൽ പി. ജെ. മാത്യുവിന്റെ മകൻ റോണി ജോൺ മാത്യുവിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. സ്ത്രീകളടക്കമുള്ളവർക്കുനേരെ കൈയേറ്റം ചെയ്തതിനുൾപ്പെടെയാണ് കേസ്.
കേസിലെ രണ്ടാം പ്രതി ഇരവിപേരൂർ കുറുന്തോട്ടത്തിൽപറമ്പിൽ കെ.എ. ഹരികൃഷ്ണനെയാണ് (21) അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ രാജിവ് കുമാറിന്റെ നിർദേശാനുസരണം ഊർജ്ജിതമാക്കിയ തെരച്ചിലിലാണ് ഇയാൾ കുടുങ്ങിയത്.
വടശേരിക്കര പേഴുംപാറ ചിറയ്ക്കൽഭാഗം വെള്ളുമാലിയിൽ വീട്ടിൽ വി.സി. ഗിരീഷ് കുമാർ(47) നേരത്തെ അറസ്റ്റിലായിരുന്നു.
വീടിന് സമീപത്തുനിന്ന് ഇന്നലെ ഉച്ചയ്ക്ക് ഹരികൃഷ്ണനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒളിവിൽ കഴിയുന്ന മറ്റൊരു പ്രതിക്കായി അന്വേഷണം തുടരുകയാണ്.
പൊതുനിരത്തിൽ മാർഗതടസമുണ്ടാക്കി കിടന്നത് കാറിൽവന്നവർ ചോദ്യം ചെയ്യുകയും, വഴിമാറാൻ ആവശ്യപ്പെടുകയും ചെയ്തപ്പോഴാണ് മൂവരും ചേർന്ന് ആക്രമിച്ചത്. റോണിയെ കൈയേറ്റം ചെയ്തതിനും തടയാൻ ശ്രമിച്ച ഭാര്യയെയും മകളെയും ആക്രമിച്ചതിനുമാണ് കേസ്.
റോണിയുടെ തലയിൽ സിമന്റ്കട്ടകൊണ്ടിടിച്ച് പരിക്കേല്പിച്ചതായും ഭാര്യ പ്രിൻസിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും കഴുത്തിൽ കിടന്ന ഒരു ലക്ഷം രൂപ വിലവരുന്ന ഒന്നേമുക്കാൽ തൂക്കമുള്ള സ്വർണമാല കവർന്നതായും മൊഴിയിൽ പറയുന്നു.
തുടർന്ന് കുടുംബം പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. റോണിയുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപ്പെടുത്തിയശേഷം കേസ് രജിസ്റ്റർ ചെയ്ത പെരുനാട് പോലീസ്, ഒന്നാം പ്രതിയെ ഉടനടി വീടിനുസമീപത്തുനിന്നും കസ്റ്റഡിയിലെടുത്തിരുന്നു.
പെരുനാട് എസ്ഐമാരായ റെജി തോമസ്, രവീന്ദ്രൻ നായർ, എഎസ്ഐ റോയ് ജോൺ, സി.പി. വിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.