സമൂഹമാധ്യമത്തിലൂടെ കഴിഞ്ഞ മൂന്നു വര്‍ഷമായി തന്നെയും കുടുംബത്തെയും യുവാവ് അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി നടി പ്രവീണ.
തന്റെ നൂറോളം വ്യാജ ഐഡികള്‍ നിര്‍മിച്ചാണ് ഇയാള്‍ പലര്‍ക്കും വ്യാജ ഫോട്ടോകള്‍ അയച്ചു കൊടുത്തതെന്നും തന്റെ മകളെപ്പോലും വെറുതെ വിട്ടില്ലെന്നും പ്രവീണ പറയുന്നു.
തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീര്പ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി ഒരു വര്‍ഷം മുന്‍പാണ് നടി സൈബര്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇതിനുമുന്‍പു വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് അറസ്റ്റിലായശേഷം ജാമ്യത്തിലിറങ്ങിയ തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഭാഗ്യരാജിന് (23) എതിരെയാണു പരാതി.
മൂന്നു വര്‍ഷമായി അനുഭവിക്കുന്ന വേദന പറഞ്ഞാല്‍ ആര്‍ക്കും മനസ്സിലാകില്ലെന്നും തന്റെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തുവെന്നും. അവര്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം താനറിയുന്നതെന്നും പ്രവീണ പറയുന്നു.
പരാതി നല്‍കിയതോടെ എന്റെ അമ്മ, സഹോദരി, മകള്‍, മകളുടെ അധ്യാപകന്, കൂട്ടുകാര്‍ തുടങ്ങിയവരുടെ വ്യാജ ചിത്രങ്ങളും പ്രചരിപ്പിക്കുവെന്നും പ്രവീണ പറയുന്നു.
ഏതാനും വര്‍ഷം മുന്‍പ് നിരന്തരം ശല്യം ചെയ്ത ഭാഗ്യരാജിനെതിരെ പ്രവീണ തിരുവനന്തപുരം സൈബര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ പരിചയക്കാര്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചു നല്‍കുന്നുവെന്ന പരാതിയെത്തുടര്‍ന്ന്
നാലംഗ പോലീസ് ടീം ഡല്‍ഹിയില്‍ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായിരുന്ന ഭാഗ്യരാജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ ലാപ്ടോപ്പില്‍നിന്ന് ഇത്തരത്തിലുള്ള ഒട്ടേറെ ചിത്രങ്ങള്‍ അന്നു കണ്ടെടുത്തിരുന്നു.
തുടര്‍ന്ന് വഞ്ചിയൂര്‍ കോടതി മൂന്നു മാസം റിമാന്‍ഡ് ചെയ്ത ഭാഗ്യരാജ് ഒരു മാസം പൂര്‍ത്തിയാകുന്നതിനു മുന്‍പു തന്നെ ജാമ്യത്തിലിറങ്ങി.
ഇതോടെ വൈരാഗ്യബുദ്ധിയോടെ ഇയാള്‍ കൂടുതല്‍ ദ്രോഹിക്കുകയായിരുന്നുവെന്ന് പ്രവീണ പറയുന്നു. ഒരു വര്‍ഷത്തോളം നിരന്തരം പരാതി നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല.
ഇപ്പോള്‍ മകളുടെ ചിത്രങ്ങളാണ് കൂടുതലായും മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നതെന്നും പ്രവീണ പറയുന്നു. ഇതോടെ പ്രവീണയുടെ മകളും സൈബര്‍ പോലീസില്‍ പരാതി റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാഗ്യരാജിനെതിരെ സൈബര്‍ ബുള്ളിയിങ്ങിനും സ്റ്റോക്കിങ്ങിനും കേസെടുത്തിട്ടുണ്ടെന്നും നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും അന്വേഷണ ചുമതലയുള്ള തിരുവനന്തപുരം സൈബര്‍ പോലീസ് ഇന്‍സ്പെക്ടര്‍ കെ.എല്‍ സിജു പറഞ്ഞു. പ്രതിയെ എവിടെയാണെന്നു കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.