സ്വന്തം ലേഖകൻ
പാലപ്പിള്ളി : കാട്ടാന ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിയായ സ്ത്രീക്ക് പരിക്കേറ്റു. പാലപ്പിള്ളി കണ്ണംമ്പിള്ളി സുബിയുടെ ഭാര്യ രജനിക്കാണ് (36) പരിക്കേറ്റത്.
ഇന്നു രാവിലെ ആറരയോടെ പിള്ളത്തോട് പാലത്തിന് സമീപത്തുള്ള ജ്യുംഗടോളി റബര്‍ എസ്റ്റേറ്റിലാണ് സംഭവം. കൈക്കും ഷോള്‍ഡറിനും പരിക്കേറ്റ രജനിയെ വനപാലകരും ഗ്രാമ പഞ്ചായത്തംഗം എം.ബി. ജലാലും ചേര്‍ന്ന് മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രജനിയും സുഹൃത്തായ സുമയും സമീപത്തുള്ള ബ്ലോക്കിലേക്ക് ടാപ്പിംഗിനായി നടന്നുപോകുമ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം.
കൂട്ടം തെറ്റിയെത്തിയ കൊമ്പനാണ് രജനിയെ ആക്രമിച്ചത്. തോട്ടത്തിലെ റോഡിലൂടെ പാഞ്ഞുവന്ന ആനയെ കണ്ട് ഓടിമാറാന്‍ ശ്രമിക്കുന്നതിനിടെ ആന തുമ്പികൈ കൊണ്ട് രജനിയെ അടിച്ചുവീഴ്ത്തുകയായിരുന്നു. പത്തടിയോളം മാറിയാണ് രജനി വീണത്.
അഞ്ച് ആനകളില്‍ ഒരെണ്ണമാണ് കൂട്ടംതെറ്റി തൊഴിലാളികളുടെ ഇടയിലേക്ക് പാഞ്ഞടുത്തത്. ചിന്നം വിളിച്ച് കുതിച്ചുവന്ന ആനയെ കണ്ട് തോട്ടത്തില്‍ ടാപ്പിംഗ് ചെയ്തിരുന്ന തൊഴിലാളികളെല്ലാം ചിതറിയോടി.
ഇതിനിടയിലാണ് രജനി ആനയുടെ മുന്പില് പെട്ടത്. 17 തൊഴിലാളികളാണ് ഈ സമയത്ത് തോട്ടത്തിന്റെ പലയിടങ്ങളിലായി ജോലി ചെയ്തിരുന്നത്.
ആനയുടെ ആക്രമണത്തില്‍ തെറിച്ചുവീണ രജനിയെ സമീപത്ത് ടാപ്പിംഗ് ചെയ്തുകൊണ്ടിരുന്ന കുഞ്ഞുമുഹമ്മദാണ് രക്ഷപ്പെടുത്തിയത്.
തോട്ടം തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയാണ് ആനയെ ഓടിച്ചുവിട്ടത്. പുലര്‍ച്ചെ മുതല്‍ തോട്ടത്തിന്റെ പരിസരത്ത് ആനകള്‍ ഉണ്ടെന്നറിഞ്ഞതോടെ വനപാലകര്‍ സ്ഥലത്തുണ്ടായിരുന്നു.
നേരം വൈകി ടാപ്പിംഗിനിറങ്ങിയാല് മതിയെന്നായിരുന്നു വനപാലകരുടെ നിര്‍ദേശം. കുറച്ചുനാളുകള്‍ക്ക് ശേഷമാണ് മേഖലയില്‍ കാട്ടാന ആക്രമണം ഉണ്ടാകുന്നത്. ജീ
വന്‍ പണയപ്പെടുത്തി പണിയെടുക്കുന്നവര്‍ക്ക് ആനശല്യത്തില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.