കൊച്ചി: പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ ) നേതാക്കളുടെ വീടുകളിൽ നടത്തിയ റെയ്ഡിൽ എൻഐഎ അറസ്റ്റ് ചെയ്ത വൈപ്പിൻ എടവനക്കാട് മായാബസാറിൽ അഴിവേലിക്കകത്ത് മുഹമ്മദ് മുബാറക്കിനെ (32) ജനുവരി 13 വരെ റിമാൻഡ് ചെയ്തു.
കൊച്ചിയിലെ എന്‍ഐഎ പ്രത്യേക കോടതിയാണ് റിമാൻഡ് ചെയ്തത്. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകനാണ് മുബാറക്.
മുബാറക്ക് കൊലപാതക സ്ക്വാഡിലെ അംഗമാണെന്ന് എന്‍ഐഎ കോടതിയില്‍ ബോധിപ്പിച്ചു. ആയോധനകല പരിശീലിച്ച ഇയാള്‍ സ്ക്വാഡിലെ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കിയെന്നും എന്‍ഐഎ വ്യക്തമാക്കി.
ഇയാളുടെ വീട്ടില്‍ നിന്ന് ബാഡ്മിന്റണ്‍ റാക്കറ്റില്‍ ഒളിപ്പിച്ച മഴുവും വാളുമടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും എന്‍ഐഎ വൃത്തങ്ങൾ പറഞ്ഞു.
മറ്റു സമുദായങ്ങളിലെ നേതാക്കളെയും അംഗങ്ങളെയും ലക്ഷ്യമിട്ട് വിവിധ സംസ്ഥാനങ്ങളില്‍ പിഎഫ്ഐ, സ്ക്വാഡ് രൂപീകരിച്ച് പരിശീലിപ്പിക്കുന്നുണ്ടെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി.
കേരളത്തില്‍ 56 കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്. റെയ്ഡില്‍ തിരുവനന്തപുരത്ത് മൂന്ന് പേരെയും കൊച്ചിയില്‍ ഒരാളെയുമാണ് കസ്റ്റഡിയിലെടുത്തത്. മറ്റ് മൂന്ന് പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.
പിഎഫ്ഐ മുന്‍ സംസ്ഥാന കമ്മിറ്റിയംഗം തിരുവനന്തപുരം വിതുര തൊളിക്കോട് സ്വദേശി സുല്‍ഫി, ഇയാളുടെ സഹോദരന് സുധീര്‍, സുധീറിന്റെ കാറ്ററിംഗ് സ്ഥാപനത്തിലെ ജീവനക്കാരന് സലീം എന്നിവരാണ് കസ്റ്റഡിയിലുള്ളത്.
സെപ്റ്റംബറില്‍ രാജ്യവ്യാപകമായി നടത്തിയ റെയ്ഡിന് പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെയും അനുബന്ധ സംഘടനകളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചത്.
കഴിഞ്ഞ തവണയില്‍ നിന്നു വ്യത്യസ്തമായി കേരളാ പോലീസിന്റെ സഹായത്തോടെയാണ് ഇക്കുറി റെയ്ഡ് നടത്തിയത്.