കണ്ണൂർ: വിദ്യാഭ്യാസ വായ്പ, കാർഷിക വായ്പ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ദേശസാത്കൃ ബാങ്കുകൾ ജനവിരുദ്ധ നയങ്ങൾ പിന്തുടരുന്നെന്ന ആക്ഷേപം നിലനിൽക്കെ പണം പിൻവലിക്കുന്നതിനും ഫീസ് ഈടാക്കി തുടങ്ങി.
ഇടപാടുകാർക്കുള്ള സേവനങ്ങൾക്കു പോലും സർവീസ് ചാർജ് ഈടാക്കുകയാണ്. ദേശസാത്കൃത ബാങ്കായ കാനറാ ബാങ്ക് ബാങ്കിലെത്തി ചെക്കിന് പകരം പേ സ്ലിപ് നൽകി പണം പിൻവലിക്കുന്നവരിൽനിന്ന് ഓരോ ഇടപാടിനും 59 രൂപയാണ് ഈടാക്കുന്നത്.
ഇതാകട്ടെ മുൻകാല പ്രാബല്യത്തോടെ നടപ്പാക്കുകയാണെന്ന് കാണിച്ച് ഇടപാടുകാർക്ക് സന്ദേശം അയച്ചിട്ടുമുണ്ട്.
ഇതോടെ പെ സ്ലിപ്പ് ഉപയോഗിച്ച് പണം പിൻവലിച്ച പെൻഷൻകാർ ഉൾപ്പെടെയുള്ള പലരും കടുത്ത ആശങ്കയിലാണ്.
ഇത്തരത്തിൽ പണം പിടിച്ചാൽ പലപ്പോഴും അക്കൗണ്ടിൽ പണമില്ലാതെ വരുമെന്ന് ഇടപാടുകാരിൽ ചിലർ പറഞ്ഞു.
അതോടൊപ്പം മിനിമം ബാലൻസ് ഇല്ലാത്ത അവസ്ഥ വന്നാൽ അതിനുള്ള പിഴ എന്ന നിലയിലും ബാങ്ക് പണം പിടിച്ചേക്കുമെന്നും ഇടപാടുകാർ പറയുന്നു.
കാനറാ ബാങ്കിന്റെ ഈ നിലപാട് നേരത്തെ സിൻഡിക്കേറ്റ് ബാങ്കിന്റെ ഇടപാടുകാർക്കും ബാധമാണ്. സിൻഡിക്കേറ്റ് ബാങ്ക്, കാനറാ ബാങ്ക് എന്നിവ നേരത്തെ രണ്ടു ബാങ്കുകളായിട്ടായിരുന്നു പ്രവർത്തിച്ചതെങ്കിലും പിന്നീട് സിൻഡിക്കേറ്റ് ബാങ്ക് കാനറയിൽ ലയിക്കുകയായിരുന്നു.
ഇതോടെ പഴയ സിൻഡിക്കേറ്റ് ബാങ്ക് ഇടപാടുകാരും കാനറ ബാങ്ക് ഇടപാടുകാരായി മാറുകയായിരുന്നു. കൂടാതെ ഫോൺ നന്പർ മാറ്റി രജിസ്റ്റർ ചെയ്യുന്നതിനും 59 രൂപ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്.
അതേസമയം ലയനത്തിന് ശേഷം ഇരു ബാങ്കുകളുടെയും ഇടപാടുകാർ പഴയ ചെക്ക് ബുക്കുകൾ മാറി പുതിയ ചെക്ക് ബുക്ക് കൈപ്പറ്റണമെന്നും നിശ്ചിത തീയതി കഴിഞ്ഞാൽ പഴയ ചെക്കുകൾക്ക് സാധുത ഉണ്ടാകില്ലെന്നും അറിയിച്ചിരുന്നുവെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
മുൻകാലങ്ങളിൽബാങ്ക് ലോൺ ഉൾപ്പെടെയുള്ള ആവശ്യത്തിനായി അക്കൗണ്ട് എടുത്ത പലരും ചെക്ക് ബുക്കുകൾ പുതുക്കി വാങ്ങാൻ മെനക്കെടാതെ അക്കൗണ്ട് നിലനിർത്തി പണമിടപാടിന് പേ സ്ലിപ്പാണ് ഉപയോഗിച്ചു പോരുന്നത്.
മറ്റ് സ്ഥിരം ഇടപാടുകാരിൽ പലരും പുതിയ ചെക്ക് ബുക്ക് വാങ്ങിയിട്ടുമില്ല. ഇത്തരക്കാരാണ് ഇപ്പോൾ കെണിയിൽ പെട്ടിരിക്കുന്നത്