കോഴിക്കോട്: കരിപ്പൂരില്‍ വിദേശ വനിത പീഡിപ്പിക്കപ്പെട്ടെന്ന കേസ് അവസാനിപ്പിച്ചു.
പീഡിപ്പിക്കപ്പെട്ടില്ലെന്ന പരാതിക്കാരിയായ കൊറിയന്‍ യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് ടൗണ്‍ പൊലീസിന്റെ നടപടി.
കുറേ നാളായി മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലാണെന്ന് യുവതി പറഞ്ഞിരുന്നു.
ഡിസംബര്‍ ഒമ്പതിനാണ് താന്‍ പീഡനത്തിനിരയായതായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടറോട് യുവതി വെളിപ്പെടുത്തിയത്.
മതിയായ യാത്രാ രേഖകളില്ലാത്തതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ സേന ഇവരെ പിടികൂടിയിരുന്നു. തുടര്‍ന്ന് ഇവരെ പൊലീസിന് കൈമാറി.
ശേഷം വൈദ്യപരിശോധനക്കായാണ് യുവതിയെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചത്. ഡോക്ടര്‍ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുക്കുകയായിരുന്നു.
ഇതിനിടെ യുവതിയെ കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ദക്ഷിണകൊറിയന്‍ കോണ്‍സുലേറ്റ് ജനറല്‍ ഓഫീസിലേക്ക് മാറ്റിയിരുന്നു.
നേരത്തെ ടൂറിസ്റ്റ് വിസയിലെത്തിയ യുവതി കോഴിക്കോട്ട് രണ്ട് ഹോട്ടലുകളിലായാണ് താമസിച്ചിരുന്നത്.