നെടുങ്കണ്ടം: പോക്സോ കേസിലെ പ്രതിയെ സഹായിച്ച ഡ്രൈവറെ നെടുങ്കണ്ടം പോലീസ് അറസ്റ്റ് ചെയ്തു. നെടുങ്കണ്ടം അമ്പലപ്പാറ സ്വദേശി ഷിജിമോനെ(28)യാണ് പിടികൂടിയത്.
കഴിഞ്ഞ 20ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മാവടി സ്വദേശി ലിജിനെ(30) പോലീസ് പിടികൂടിയിരുന്നു.
ഇയാളെ ചോദ്യം ചെയ്തപ്പോഴാണു വാഹനത്തില്‍ ലിജിനെയും പെണ്‍കുട്ടിയെയും പല സ്ഥലങ്ങളിലെ ലോഡ്ജുകളില്‍ എത്തിച്ചിരുന്നത് ഷിജിമോനാണെന്നു കണ്ടെത്തിയത്. ഇതേത്തുടര്‍ന്നാണു ഷിജിമോനെ അറസ്റ്റ് ചെയ്തത്.
നെടുങ്കണ്ടത്തെ ഒരു ബാറില്നിന്നുമാണു ലിജിനെ അന്നു അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനുനേരെ ലിജിനും രണ്ടു സുഹൃത്തുക്കളും ആക്രമണം നടത്തിയിരുന്നു.
മഫ്തിയില്‍ എത്തിയ പോലീസ് സംഘത്തിനുനേരെയാണ് ചീട്ടുകളിച്ചിരുന്ന ഇവര്‍ ആക്രമണം നടത്തിയത്. കേസില്‍ ലിജിന്റെ രണ്ടു സുഹൃത്തുക്കളെയും പിടികൂടിയിരുന്നു.
പോലീസാണ് എത്തിയതെന്നു പ്രതിക്ക് ഒപ്പമുണ്ടായിരുന്നവര്‍ക്കു തിരിച്ചറിയാന്‍ കഴിയാതെ വന്നതാണ് ഏറ്റുമുട്ടലിനു ഇടയാക്കിയത്. വിവരങ്ങള്‍ അറിഞ്ഞതോടെ ഏറ്റുമുട്ടലുണ്ടാക്കിയ സുഹൃത്തുക്കളും പിന്‍വലിഞ്ഞിരുന്നു.
തുടര്‍ന്നാണു കൂടുതല്‍ പ്രതികളുണ്ടോ എന്നറിയുന്നതിനായി ലിജിനെ ചോദ്യം ചെയ്തത്. ഇന്നലെ പിടിയിലായ ഷിജിമോനെ ഇന്നു കോടതിയില്‍ ഹാജരാക്കും.