കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നറിയാൻ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ. സേതുരാമൻ റിപ്പോർട്ട് തേടി.
സംഭവത്തെക്കുറിച്ച് പഠിച്ച് വിശദമായ റിപ്പോർട്ട് ഉടൻ നൽകാൻ ഡിസിപി എസ്. ശശിധരനെ ചുമതലപ്പെടുത്തിയതായി കമ്മീഷണർ കെ. സേതുരാമൻ പറഞ്ഞു.
എത്തിയത് നാല് ലക്ഷം പേർ
ഡിസംബർ 31 ന് ഫോർട്ടുകൊച്ചിയിൽ നടന്ന പുതുവർഷാഘോഷത്തിൽ ഗുരുതര സുരക്ഷാ വീഴ്ച സംഭവിച്ചതായി ആരോപണം ഉയർന്നിരിക്കുകയാണ്. സംസ്ഥാനത്തെ തന്നെ ഏറ്റവും വർണാഭമായ പുതുവത്സരാഘോഷം നടന്ന ഫോർട്ട്കൊച്ചിയിൽ തിക്കിലും തിരക്കിലുംപ്പെട്ട് നിരവധിപ്പേരാണ് അവശരായത്.
ഇരുപതിനായിരം പേർ മാത്രം ഉൾക്കൊള്ളുന്ന പരേഡ് ഗ്രൗണ്ടിൽ നാല് ലക്ഷത്തോളം പേർ എത്തിയെന്നാണ് കണക്ക്. തിരക്ക് മുന്നിൽകണ്ടുള്ള ഗതാഗത ക്രമീകരണങ്ങളോ സുരക്ഷയോ ഒരുക്കിയില്ലെന്നും ആക്ഷേപം ഉയരുകയാണ്. എങ്കിലും ഇത്രയധികം ജനം എത്തിയിട്ടും ക്രമസമാധാന പ്രശ്നങ്ങളൊന്നും റിപ്പോർട്ടു ചെയ്തിട്ടില്ല.
മുന്നൊരുക്കത്തിൽ വൻ വീഴ്ച്ച
ഫോർട്ടുകൊച്ചിയിൽ മുന്നൊരുക്കത്തിൽ വലിയ വീഴ്ച സംഭവിച്ചതായാണ് പ്രാഥമിക വിവരം. ജില്ലാ ഭരണകൂടം കാർണിവൽ നടത്തിപ്പിന് നിയോഗിച്ച സബ് കളക്ടർ പിന്നീട് മാറി.
പിന്നാലെ വന്ന ഉദ്യോഗസ്ഥനും മറ്റ് ചുമതലകളുടെ ഭാഗമായി സ്ഥാനമൊഴിഞ്ഞു. ഏറ്റവും ഒടുവിൽ ചുമതലയിലേക്ക് വന്നവർക്ക് കൃത്യമായ ഏകോപനവും സാധ്യമായില്ലെന്നും പറയപ്പെടുന്നു.
പപ്പാഞ്ഞിയെ കത്തിക്കൽ ഫോർട്ടുകൊച്ചി ബീച്ചിൽ നിന്ന് പരേഡ് ഗ്രൗണ്ടിലേക്ക് മാറിയ ശേഷം പരിമിതികൾ പഠിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്താത്തത് സ്ഥിതിഗതികൾ വഷളാക്കിയതായി പ്രദേശവാസികൾ പറയുന്നു. തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്.
പപ്പാഞ്ഞിയെ കത്തിച്ച ശേഷം വെടിക്കെട്ട് കഴിഞ്ഞതോടെ പരേഡ് ഗ്രൗണ്ടിൽ നിന്ന് പുറത്തുവരാൻ ആളുകൾ തിക്കും തിരക്കും കൂട്ടി. ഇതോടെ പോലീസിന്റെ നിയന്ത്രണം കൈവിട്ടു. താത്കാലിക ബാരികേഡുകൾ പലയിടങ്ങളിലും തകർത്തു. തിക്കും തിരക്കിലും പെട്ട് പോലീസുകാരടക്കം നൂറോളം പേരെ ആശുപത്രിയിലാക്കി.
നിരവധി പേർക്ക് ചികിത്സ കിട്ടിയില്ല
തിക്കിലും തിരക്കിലുംപെട്ട് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ഓട്ടോറിക്ഷയ്ക്ക് മുകളിൽ കിടത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.
തിരക്കിൽപെട്ട് ശ്വാസം കിട്ടാതെ വന്നതോടെ അവശയായ യുവതിയെ കിടത്താൻ സ്ഥലം ലഭിക്കാത്തതിനാലാണ് ഓട്ടോയ്ക്ക് മുകളിൽ കിടത്തേണ്ടിവന്നത്.
ഓട്ടോയ്ക്ക് മുകളിൽ കിടത്തിയാണ് ഇവർക്ക് കൃത്രിമ ശ്വാസോച്ഛ്വാസം നൽകിയതും. ലക്ഷക്കണക്കിന് ആളുകൾ എത്തിയ സ്ഥലത്ത് കേവലം മൂന്ന് ആംബുലൻസുകളും ഒരു ഡോക്ടറുമാണ് ഉണ്ടായിരുന്നത്.
അടുത്തുള്ള ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിലും ഒരു ഡോക്ടർ മാത്രമാണ് ഉണ്ടായിരുന്നത്. ഇവിടെയെത്തിയ 200ഓളം പേർക്ക് ചികിത്സ കിട്ടാതെ മടങ്ങേണ്ടി വന്ന സാഹചര്യവും ഉണ്ടായി.
പൊടിപലടങ്ങൾ ഉയർന്നതാണ് ഭൂരിഭാഗം പേർക്കും അസ്വസ്ഥത ഉണ്ടാകുന്നതിന് കാരണമായത്. ഇത് നിയന്ത്രണ വിധേയമാക്കുന്ന യാതൊരു സംവിധാനങ്ങളും സംഘാടകർ ഒരുക്കിയിരുന്നില്ല.
തീരുമാനങ്ങൾ നടപ്പായില്ല
കാർണിവലിന്റെ മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യാൻ ജനപ്രതിനിധികളടക്കമുള്ളവരുടെ സാന്നിധ്യത്തിൽ ചേർന്ന് യോഗത്തിലെ തീരുമാനങ്ങളൊന്നും പാലിക്കപ്പെട്ടില്ലെന്ന് അധികൃതർ തന്നെ വ്യക്തമാക്കുന്നു.
കാർണിവലിനോടനുബന്ധിച്ച് അന്നേദിവസം അഞ്ച് കെഎസ്ആർടിസി, 20 പ്രൈവറ്റ് ബസ് എന്നിങ്ങനെ പ്രത്യേക സർവീസ് നടത്തണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇവ പാലിക്കപ്പെട്ടില്ല.
പ്രദേശത്ത് മെഡിക്കൽ ഔട്ട്പോസ്റ്റ് സ്ഥാപിക്കാണമെന്ന നിർദേശവും നടപ്പായില്ല. ഇതോടെയാണ് ആരോഗ്യ പ്രശ്നങ്ങളാൽ വലഞ്ഞവരെ സംരക്ഷിക്കാൻ കഴിയാതെ വന്നത്.
പോലീസ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തിയെങ്കിലും ഇവരെ സഹായിക്കാനുള്ള അനുബന്ധ വകുപ്പുകളുടെ പ്രവർത്തനം പരാജയമായിരുന്നുവെന്ന് കോർപ്പറേഷൻ കൗണ്സിലർ ആന്റണി പൈനുത്തറ ആരോപിച്ചു.
ശ്വാസതടസം അടക്കം അനുഭവപ്പെട്ടവരെ എത്തിച്ച ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലുമായി ഏക ഡോക്ടറാണുണ്ടായിരുന്നത്. ആളുകൾ കൂട്ടമായെത്തിയതോടെ ഡോകടർക്കും തളർച്ച നേരിടുന്ന സാഹചര്യവുമുണ്ടായി.
ആഘോഷങ്ങൾ കണക്കിലെടുത്ത് ഫോർട്ടുകൊച്ചിയിലേക്ക് രണ്ട് റോ-റോ സർവീസുകൾ നടത്തണമെന്ന് നിർദേശം ഉണ്ടായിരുന്നെങ്കിലും സർവീസ് നടത്തിയത് ഒരെണ്ണം മാത്രമാണ്.
ഇതോടെ ജനം ഇരച്ചു കയറി. ഇത് അപകട സാധ്യതയ്ക്ക് വഴിവെച്ചെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെടുകയായിരുന്നു.അതേസമയം വേണ്ട സുരക്ഷാ മുൻ കരുതലുകൾ സ്വീകരിച്ചിരുന്നതായാണ് സംഘടകരുടെ വാദം.