കൊച്ചി: ഫോർട്ടുകൊച്ചിയിലെ പുതുവർഷാഘോഷത്തിൽ സംഘാടനത്തിൽ വന്ന പിഴവിൽ ജില്ലാ കളക്ടർ റിപ്പോർട്ട് തേടും. ഗതാഗത സംവിധാനത്തിൽ വന്ന പിഴവ്,
പരേഡ്ഗ്രൗണ്ടിലെ ക്രമീകരണങ്ങൾ, പ്രാഥമിക സൗകര്യങ്ങളുടെ അഭാവം തുടങ്ങിയവയാണ് ജില്ലാഭരണകൂടം പരിശോധിക്കുന്നത്.
ഫോർട്ടുകൊച്ചിയിലെ സംഘാടനം പ്രാദേശികമായി രൂപീകരിച്ച കാർണിവൽ കമ്മിറ്റിക്കാണ്. ക്രമീകരണങ്ങളായി വിവിധ വകുപ്പുകളുടെ ഏകോപനമാണ് സർക്കാർ ചുമതല.
ഇത്രയും വലിയ പങ്കാളിത്തം കൈകാര്യം ചെയ്യാൻ സംഘാടകസമിതിക്ക് കഴിഞ്ഞില്ലെന്നതാണ് വാസ്തവം.
സർക്കാർ സഹായം രണ്ടു ലക്ഷം രൂപ മാത്രം
കേരളത്തിലെ ഏറ്റവും വലിയ പുതുവത്സരാഘോഷ വേദികളിലൊന്നാണ് ഫോർട്ട് കൊച്ചി. എന്നാൽ ഇവിടത്തെ ആഘോഷത്തിന് സർക്കാരിന്റെ സാന്പത്തിക സഹായം രണ്ട് ലക്ഷം രൂപ മാത്രമാണ്.
നാലു മാസം കഴിഞ്ഞാണ് ഈ തുക ലഭിക്കുന്നത്. കാർണിവൽ റാലി, മത്സര വിജയികൾക്കുള്ള ട്രോഫിയും കാഷ് അവാർഡും വാങ്ങുന്നതിനായി കൊച്ചി നഗരസഭ നൽകുന്നത് നാലു ലക്ഷം രൂപയുമാണ്.
2019ലെ കാർണിവലിന് അനുവദിച്ച നാലു ലക്ഷം രൂപ കിട്ടിയത് കഴിഞ്ഞ നവംബറിലാണെന്നും ആക്ഷേപം ഉയർന്നിരിക്കുകയാണ്.
ടൂറിസം വകുപ്പ് ഏറ്റെടുക്കണം
കാർണിവൽ നടത്തിപ്പ് ടൂറിസം വകുപ്പ് ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുകയാണ്. ടൂറിസം മന്ത്രി പങ്കെടുത്ത് ചർച്ച വേണമെന്ന തീരുമാനവും ഇത്തവണ പാലിക്കപ്പെട്ടില്ല.
ഡിസിപി രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകും
പുതുവർഷാഘോഷത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായിട്ടുണ്ടോയെന്നതു സംബന്ധിച്ച റിപ്പോർട്ട് രണ്ടു ദിവസത്തിനകം ഡിസിപി എസ്.ശശിധരൻ സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമന് കൈമാറും.