ന്യൂഡൽഹി: വിമാനത്തിൽ വയോധികയ്ക്കുനേരെ അതിക്രമം. എഴുപതുകാരിയായ യാത്രക്കാരിയെ സഹയാത്രികൻ പീഡിപ്പിക്കാൻ ശ്രമിക്കുകയും നഗ്നതാപ്രദർശനം നടത്തുകയും ദേഹത്തേക്കു മൂത്രമൊഴിക്കുകയും ചെയ്തു.
ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്കു വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് അതിക്രമമുണ്ടായത്. സംഭവത്തിൽ യാത്രക്കാരി ടാറ്റ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരനു പരാതി നൽകി.
പരാതി ഡൽഹി പോലീസിനു കൈമാറുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.നവംബർ 26നാണ് സംഭവം നടന്നത്. ന്യൂയോർക്കിൽനിന്ന് ഡൽഹിയിലേക്ക് എയർ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസിൽ സഞ്ചരിക്കുകയായിരുന്നു പരാതിക്കാരി.
ഭക്ഷണശേഷം ലൈറ്റ് അണച്ച് വിശ്രമിക്കാൻ തുടങ്ങുന്പോൾ ബിസിനസ് ക്ലാസിലെ മറ്റൊരു യാത്രക്കാരൻ അവരുടെ അടുത്തുവരികയും ലൈംഗികച്ചുവയോടെ സംസാരിക്കുകയും സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തു.
അതിൽ പ്രതിഷേധിച്ച വയോധികയുടെ ദേഹത്തേക്കും ബാഗിലേക്കും അയാൾ മൂത്രമൊഴിക്കുകയും ചെയ്തു. തുടർന്ന്, വയോധികയെ മർദിക്കാൻ തുടങ്ങിയ അക്രമിയെ സഹയാത്രികർ പിടിച്ചുമാറ്റുകയായിരുന്നു. അക്രമി മദ്യപിച്ചിരുന്നതായും പരാതിയിൽ പറയുന്നു.
അതിക്രമങ്ങൾ നടക്കുന്പോൾ വിമാനത്തിലെ ജീവനക്കാർ ഇടപെട്ടില്ലെന്നും പരാതിയിലുണ്ട്. വയോധിക മൂത്രത്തിൽ കുതിർന്ന വസ്ത്രങ്ങൾ പിന്നീട് മാറ്റുകയായിരുന്നു.
ഫസ്റ്റ് ക്ലാസിൽ വേറെ സീറ്റുകൾ ഒഴിഞ്ഞുകിടന്നിട്ടും തനിക്കു സീറ്റ് മാറ്റിത്തന്നില്ല. സീറ്റ് വൃത്തിയാക്കുന്നതുവരെ കാബിൻ ക്രൂവിന്റെ സീറ്റാണ് തനിക്ക് അനുവദിച്ചത്.
തുടർന്ന്, മൂത്രത്തിന്റെ മണവും ശ്വസിച്ചാണ് താൻ ഡൽഹിയിലെത്തിയതെന്നും വയോധിക പറയുന്നു.അക്രമിക്കെതിരേ നടപടി എടുക്കാൻ വിമാനത്തിലെ ജീവനക്കാർ തയാറായില്ല.
വിമാനത്താവളത്തിൽനിന്നു സുരക്ഷിതനായി പുറത്തുകടക്കാൻ കാബിൻ ക്രൂ ഉൾപ്പെടെയുള്ളവർ അക്രമിയെ സഹായിച്ചതായും വയോധിക പരാതിയിൽ പറയുന്നു.
സംഭവത്തിൽ വ്യോമയാന മന്ത്രാലയം വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അതേസമയം, പരാതി ഒതുക്കിത്തീർക്കാനുള്ള നടപടിയാണ് കന്പനിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും അതുകൊണ്ടാണ് വയോധികയ്ക്കു നീതി ലഭിക്കാൻ വൈകുന്നതെന്നും റിപ്പോർട്ടുണ്ട്.