ന്യൂയോര്‍ക്ക്: കൊവിഡ് രോഗം ബാധിച്ച് മാസങ്ങള്‍ക്ക് ശേഷവും വൈറസ് തലച്ചോറില്‍ അവശേഷിക്കുമെന്ന് പഠന റിപ്പോർട്ട്.
കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ പോസ്റ്റ് മോർട്ടം സാമ്പിളുകളിൽ നടത്തിയ പരീക്ഷണത്തിലാണ് പുതിയ കണ്ടെത്തൽ.
യു എസ് നാഷണൽ ഇന്‍സ്റ്റിറ്റ്യൂട്ട്സ് ഓഫ് ഹെല്‍ത്തിലെ ഗവേഷകരുടേതാണ് കണ്ടെത്തല്‍. ഏപ്രില്‍ 2020മുതല്‍ മാര്‍ച്ച് 2021 വരെയുള്ള വിവിധ സാംപിളുകള്‍ ഉപയോഗിച്ചായിരുന്നു പഠനം.
തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹത്തിന്റെ സാംപിളുകളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
വാക്സിൻ സ്വീകരിക്കാത്തവരുടെ സാമ്പിളുകളിലാണ് പഠനം നടത്തിയത്. ഇവരെല്ലാം തന്നെ കൊവിഡ് ബാധിച്ച് മരിച്ചവരാണ്.
രക്ത പ്ലാസ്മ പരിശോധന വിധേയമാക്കിയപ്പോള്‍ 38 രോഗികളുടേത് കൊവിഡ് പോസിറ്റീവെന്നാണ് കന്‍ണ്ടെത്തിയിരിക്കുന്നത്.
മൂന്ന് പേരില്‍ മാത്രമാണ് കൊവിഡ് നെഗറ്റീവെന്ന് കണിച്ചത്. മറ്റ് മൂന്നു പേരുടേത് പ്ലാസ്മ പരിശോധനയ്ക്കായി ലഭ്യമായിരുന്നില്ല.
പഠനത്തിന് വേണ്ടി ഉപയോഗിച്ച സാംപിളുകളില്‍ 30 ശതമാനവും സ്ത്രീകളുടേതായിരുന്നു. മധ്യവയസ്കര്‍ മുതല്‍ 62 വയസ് വരെ പ്രായമുള്ളവരുടേയും സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്.
വൈറസ് ബാധയുടെ ലക്ഷണം കാണിച്ച് 18 വരെ ദിവസത്തിനുള്ളില്‍ മരിച്ചവരുടെ സാംപിളുകളാണ് പഠനത്തിന് വിധേയമാക്കിയത്.
ശ്വാസകോശകലകളേയും ശ്വാസകോശ നാളികളേയുമാണ് വൈറസ് പ്രാഥമികമായി ബാധിക്കുക. ശരീരത്തിലെ 84 ഭാഗങ്ങളില്‍ നിന്നായി ശേഖരിച്ച സാംപിളുകളിലെല്ലാം തന്നെ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി പഠനത്തിൽ വിശദീകരിക്കുന്നു.
രോഗലക്ഷണം കാണിച്ച ശേഷം 230 ദിവസങ്ങള്‍ കഴിഞ്ഞ് ശേഖരിച്ച സാംപിളുകളിലും വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഹൈപ്പോ തലാമസ്, സെറിബെല്ലത്തിലും വൈറസ് സാന്നിധ്യം കണ്ടെത്തിയപ്പോള്‍ ഒരു രോഗിയുടെ നട്ടെല്ലിലും രണ്ട് രോഗികളുടെ ബേസല്‍ ഗാംഗ്ലിയയിലും വൈറസ് സാന്നിധ്യം കണ്ടെത്തി.
തലച്ചോറില്‍ വൈറസ് സാരമായ കേടും സൃഷ്ടിച്ചതായാണ് റിപ്പോർട്ട്. ശ്വസന നാളിക്ക് പുറത്ത്, തലച്ചോറ്, ഹൃദയം, കണ്ണ്, അഡ്രിനല്‍ ഗ്ലാന്‍ഡ്, ദഹനനാളം എന്നിവയില്‍ നിന്നുവരെ വൈറസ് സാന്നിധ്യം ഗവേഷകര്‍ക്ക് കണ്ടെത്താനായി.
പരിശോധിച്ച സാംപിളുകളില്‍ 45 ശതമാനത്തിലും വൈറസ് സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് പഠനം വ്യക്തമാക്കുന്നത്.