പഴകിയ ഭക്ഷണം കഴിച്ച് ആശുപത്രിയിൽ ചികിത്സ തേടിയതിനെക്കുറിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ.
ഷവർമയും മയോണൈസും ആക്രാന്തത്തോടെ കഴിച്ച തന്റെ ജീവൻ അതിന് ശേഷം രക്ഷിക്കാൻ 70000 രൂപ ചിലവാക്കേണ്ടി വന്നെന്നും അദ്ദേഹം കുറിക്കുന്നു.
കോട്ടയം സംക്രാന്തിയിൽ ഭക്ഷ്യവിഷബാധയേറ്റ് യുവതി മരിച്ചതിന് പിന്നാലെയാണ് അൽഫോൻസിന്റെ കുറിപ്പ്.
‘സിനിമാ നിരൂപകരേ, ട്രോളന്മാരേ, ഇതുപോലുള്ള പ്രശ്നങ്ങളിൽ നിങ്ങൾ ഒകു വിഡിയോ ചെയ്യൂ. പതിനഞ്ച് വർഷം മുമ്പ് ആലുവയിലെ ഒരു കടയിൽ നിന്നും ഞാനൊരു ഷവർമ കഴിക്കുകയുണ്ടായി. അന്ന് ഷറഫുദ്ദീന്റെ ട്രീറ്റ് ആയിരുന്നു.
വലിയ ആക്രാന്തത്തോടെ ഷവർമയും മയോണൈസും വലിച്ചുകയറ്റി. അടുത്ത ദിവസം കടുത്ത വയറുവേദന മൂലം ലേക്ഷോർ ആശുപത്രിയിൽ ചികിത്സ തേടുകയുണ്ടായി. അന്ന് എന്റെ ചികിത്സക്കായി 70000 രൂപയാണ് മാതാപിതാക്കൾ ചിലവാക്കിയത്.
ആശുപത്രിയിലെ എംസിയു വിഭാഗത്തിലാണ് ഞാൻ കിടന്നത്. ഒരു കാരണവുമില്ലാതെ ഷറഫുദ്ദീനോടും എനിക്ക് ദേഷ്യമുണ്ടായി.
എന്നാൽ അണുബാധിതമായ പഴയ ഭക്ഷണമായിരുന്നു എന്റെ അവസ്ഥയ്ക്കു കാരണം. ആരാണ് ഇവിടെ യഥാർഥ കുറ്റവാളി. കണ്ണുതുറന്ന് സത്യമെന്തെന്ന് നോക്കുക. ജീവിതം അമൂല്യമാണ്.
ജസ്റ്റിസ് ദേവൻ രാമചന്ദ്രനെ പോലെ ഉള്ളവർ ഇതിനു ശക്തമായ നടപടി എടുക്കണം. ഫുഡ് സേഫ്റ്റി എന്ന പുതിയൊരു മിനിസ്ട്രി തന്നെ വരണം.
അതിനു കേരത്തിൽ നിന്ന് മാത്രം പുതിയ കിടിലം ഫുഡ് ഇൻസ്പെക്ഷൻ ടീം സ്റ്റാർട്ട് ചെയ്തു പ്രവർത്തിക്കണം.
എല്ലാവരും നല്ല ഭക്ഷണം മാത്രം വിറ്റാൽ മതി. ഭക്ഷണം കഴിക്കാൻ പണം വേണം. പണം ഇണ്ടാക്കാൻ നല്ല വിദ്യാഭ്യാസത്തിനൊപ്പം നല്ല ഫുഡ് നിർബന്ധം ആണ്.
അതിനൊക്കെ എല്ലാ അപ്പന്മാരും അമ്മമാരും നല്ല പണിയെടുത്തിട്ടാണ് ഭക്ഷണം വാങ്ങാൻ പണം ചിലവാക്കുന്നത്. അതുകൊണ്ടു ഇതിന്റെ കാര്യം ഒരു തീരുമാനം എടുക്കണം.
അന്ന് എന്റെ അപ്പനും അമ്മയും ബന്ധുക്കളോടും, കൂട്ടുകാരോടും, പലിശക്കാരോടും കെഞ്ചി ചോദിച്ചതുകൊണ്ടും എന്റെ അപ്പനും അമ്മയും അത് എങ്ങനെയെങ്കിലും തിരിച്ചു കൊടുക്കും എന്നു പ്രതീക്ഷ ഉള്ളത് കൊണ്ടുമാണ് അന്ന് 70,000 രൂപ കൊടുത്തു എന്റെ ജീവൻ അവിടത്തെ നല്ല ഡോക്ടർമാർക്ക് രക്ഷിക്കാൻ പറ്റിയത്.
ഇന്ന് ആണെങ്കിൽ അത് മിനിമം ഏഴു ലക്ഷം രൂപ വരും. ഈ 70,000 രൂപ ഒരു വിസ്മയം പോലെ വന്നതാണ്.
അത് പോലെ എല്ലാവർക്കും എപ്പോഴും വിസ്മയം സംഭവിക്കും എന്ന് ഞാൻ ഒട്ടും വിശ്വസിക്കുന്നില്ല.
അൽഫോൻസ് പുത്രൻ പറയുന്നു.