സംസ്ഥാന യുവജന കമ്മിഷന് ചെയര്‍പഴ്സണ്‍ ചിന്ത ജെറോമിന്റെ ശമ്പളം മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിച്ചു നല്കാന് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിന് പിന്നാലെ കൊണ്ടു പിടിച്ച ചര്‍ച്ചകളാണ് നടക്കുന്നത്.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നില്‍ക്കവേയാണ് ചിന്തയുടെ ശമ്പളം ഇരട്ടിയാക്കിയത്. മുന്‍കാല പ്രാബല്യം നല്‍കിയതിലും വന്വിമര്ശനമാണുയരുന്നത്.
യുവജന കമ്മിഷന് ചെയര്‍പഴ്സന്റെ ശമ്പളം കൂട്ടിയ ഉത്തരവ് ഉടനെ പുറത്തിറക്കാനാണ് നീക്കം. ഒരു വര്‍ഷത്തെ മുന്‍കാല പ്രാബല്യം ലഭിച്ചതോടെ ആറ് ലക്ഷത്തോളം രൂപ മുന്‍കാല ശമ്പളമായി മാത്രം ചിന്തയ്ക്കു ലഭിക്കും.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ അഖിലേന്ത്യാ നേതാവുമാണ് ചിന്ത ജെറോം. യുവജനകമ്മിഷന് ചെയര്‍പേഴ്സന്റെ നിലവിലെ ശമ്പളം ഒരു ലക്ഷം രൂപയാണ്.
2018 ജൂണ്‍ മുതലാണ് ഈ ശമ്പളം ലഭിച്ചു തുടങ്ങിയത്. അതിനു മുന്‍പ് 50,000 രൂപയായിരുന്നു ശമ്പളം. അധികാരം ഏറ്റ 2016 മുതല്‍ ശമ്പളം ഒരു ലക്ഷം രൂപയാക്കി ഉയര്‍ത്തണമെന്ന് ചിന്ത ജെറോം യുവജനക്ഷേമ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.
വകുപ്പ് ഇത് ധനകാര്യവകുപ്പിന്റെ പരിശോധനയ്ക്കായി വിട്ടു. അതേസമയം, ധനകാര്യവകുപ്പും യുവജനക്ഷേമ വകുപ്പ് സെക്രട്ടറിയും ചിന്തയുടെ ആവശ്യത്തോട് അനുകൂല നിലപാടെടുത്തു.
2017 ജൂണ്‍ മുതല്‍ ശമ്പളം ഒരുലക്ഷം രൂപയാക്കാനും നല്‍കാനുള്ള തുക അനുവദിക്കാനും ധനവകുപ്പ് തീരുമാനിക്കുകയായിരുന്നു.
അതിനിടെ ചിന്തയുടെ ശമ്പളം കൂട്ടിയ നടപടിയുടെ ചുവടു പിടിച്ച് മുന്‍ യുവജന കമ്മീഷന് ചെയര്‍പേഴ്സണും രംഗത്തുവന്നിട്ടുണ്ട്.
ഉയര്‍ത്തിയ ശമ്പളനിരക്ക് കണക്കാക്കി മുന്‍കാലത്തുള്ള കുടിശ്ശിക നല്‍കണമെന്ന ആവശ്യം ഉന്നയിച്ചാണ് മുന്‍ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് ആര്.വി. രാജേഷ് കോടതിയെ സമീപിച്ചിരിക്കുന്നത്.
യു.ഡി.എഫിന്റെ കാലത്താണ് യുവജന കമ്മിഷന് രൂപവത്കരിച്ചിത്. ആര്.വി. രാജേഷായിരുന്നു ആദ്യ ചെയര്മാന്.
ഈ ഘട്ടത്തില്‍ ചെയര്മാന് ശമ്പളം നിശ്ചയിച്ചിരുന്നില്ല. 50,000 രൂപ താത്കാലിക വേതനമായി നല്‍കുമെന്നാണ് ഉത്തരവിലുണ്ടായിരുന്നു.
യു.ഡി.എഫ്. സര്‍ക്കാരിന്റെ അവസാനകാലത്ത് ശമ്പളം നിശ്ചയിക്കാനുള്ള തീരുമാനം മന്ത്രിസഭയ്ക്ക് വിട്ടെങ്കിലും നടപടികള്‍ പൂര്‍ത്തിയാക്കാനായില്ല.
ഇടതുസര്‍ക്കാര്‍ വന്നതിനുശേഷം, 2016ലാണ് ചിന്താ ജെറോം അധ്യക്ഷയാകുന്നത്. ഇതോടെ, ശമ്പളഘടനയുണ്ടാക്കിയപ്പോള്‍ നിലവിലെ ചെയര്മാന് ബാധകമാകുന്ന വിധത്തിലാണ് തീരുമാനമുണ്ടായത്.
ഇതിനെതിരേയാണ് രാജേഷ് കോടതിയെ സമീപിച്ചത്. ചിന്തക്ക് ലഭിച്ചതു പോലുള്ള ശമ്പളം തനിക്കും ലഭിക്കണമെന്നാണ് രാജേഷും ആവശ്യപ്പെടുന്നത്.
യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ എന്ന പേരില്‍ സര്‍ക്കാര്‍ അനാവശ്യ സ്ഥാനം നല്കി ചെലവ് വര്‍ദ്ധിപ്പിക്കുന്നുവെന്നും യുവജന കമ്മീഷനിലൂടെ കേരളത്തിലെ യുവാക്കള്‍ക്ക് യാതൊരു പ്രയോജനവും ലഭിക്കുന്നില്ലെന്ന തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിനിടെയാണ് ചിന്തക്ക് വീണ്ടും ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നതും.
ചിന്ത ജെറോമിന്റെ ശമ്പളം വര്‍ദ്ധിപ്പിച്ചതിനെത്തുടര്‍ന്ന് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ചിന്തയ്ക്ക് ഇനി ഇഷ്ടം പോലെ ‘ജിമിക്കിയും കമ്മലും’ വാങ്ങാമെന്നാണ് പലരും ട്രോളുന്നത്.