വരാപ്പുഴ: വരാപ്പുഴ ഒളനാട്ടിലെ തമിഴ് കുടുംബത്തിന്റെ തിരോധാനത്തിന് മുനമ്പം മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് പോലീസിന് സൂചന.
തമിഴ്നാട് തിരുവള്ളൂർ സ്വദേശി ചന്ദ്രനും ഭാര്യയും മക്കളുമടക്കം ഏഴു പേർ മുനമ്പത്ത് ബോട്ടിൽ പോയിരുന്നതായി ബന്ധുക്കളിൽനിന്നു വരാപ്പുഴ പോലീസിന് വിവരം ലഭിച്ചു.
കൊച്ചിയിൽ വസ്ത്രവ്യാപാര കച്ചവടം നടത്തിയിരുന്ന തമിഴ്നാട് സ്വദേശി ചന്ദ്രനാണു 2018ൽ ആലങ്ങാട് പഞ്ചായത്തിലെ ഒളനാട് ഭാഗത്തു ഏഴു സെന്റ് സ്ഥലം വാങ്ങിയത്.
തുടർന്നു വീടു പണി ആരംഭിച്ചെങ്കിലും ഓഗസ്റ്റിൽ പ്രളയമുണ്ടായതോടെ നിലച്ചു.
നാട്ടിൽ പോയി ദിവസങ്ങൾക്കുള്ളിൽ മടങ്ങി വരാമെന്നു പറഞ്ഞു പോയ ചന്ദ്രനും കുടുംബത്തെക്കുറിച്ച് വിവരമില്ല.
വീടിന്റെ നിർമാണവുമായി ബന്ധപ്പെട്ടു ചന്ദ്രന്റെ കൈയിൽ നിന്നു പണം ലഭിക്കാനുണ്ടെന്നു കാണിച്ചുള്ള ഒരു പരാതി മാത്രമാണു പോലീസിൽ ലഭിച്ചിരിക്കുന്നത്.
പോലീസിന്റെ നേതൃത്വത്തിൽ ഒളനാട്ടിലെ വീട്ടിൽ പരിശോധന നടത്തിയിരുന്നു.
2,500 സ്ക്വയർ ഫീറ്റ് വരുന്ന വീടും കാറും ആരോരുമില്ലാതെ കാടുകയറി കിടക്കുകയാണ് . വസ്തു വാങ്ങിയ സമയത്തു നൽകിയ തിരിച്ചറിയൽ രേഖയിലെവിലാസത്തിൽ തമിഴ്നാട് തിരുവള്ളൂർ തിരുവേർക്കാട് എന്നാണ്.
തമിഴ്നാട്ടിലെ വിലാസത്തിൽ അന്വേഷിച്ചു ചെന്ന് കാണാതായ ചന്ദ്രന്റെ ഭാര്യയുടെ അനിയത്തിയെ ചോദ്യം ചെയ്തപ്പോഴാണ് മുനമ്പം മനുഷ്യകടത്തുമായി ബന്ധം ഉണ്ടെന്ന് വിവരം ലഭിച്ചത്.
2019 ജനുവരി 20 നാണ് ബോട്ട് മുനമ്പത്ത് നിന്നും പുറപ്പെട്ടതെന്നും അതിൽ ചന്ദ്രൻ അടക്കം ഏഴുപേർ ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ പോലീസിനോട് പറഞ്ഞു.
വരാപ്പുഴ ഒളനാട്ടിലെ വീടിന്റെ രജിസ്ട്രേഷൻ രേഖകളും ചന്ദ്രന്റെയും കുടുംബത്തിന്റെയും ഇലക്ഷൻ രേഖകളും പോലീസിന് ലഭിച്ചിരുന്നു. ഇത് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറും.
മുനമ്പം വഴി നടന്ന മനുഷ്യക്കടത്തിൽ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു.
കേന്ദ്ര ഏജൻസികളും തമിഴ്നാട് പോലീസുമായി സഹകരിച്ചാണ് അന്വേഷണം. ഇവരെ കുറിച്ചുള്ള വിവരങ്ങൾ ന്യൂസിലാൻ ഡ്, ശ്രീലങ്കൻ കോൺസലേറ്റുകൾക്ക് കൈമാറിയിട്ടുണ്ട്