പയ്യന്നൂര്‍: വ്യാജമായി സൃഷ്ടിച്ചെടുത്ത രേഖകളുടെ പിന്‍ബലത്തില്‍ പാസ്പോര്‍ട്ട് നേടിയയാള്‍ക്ക് തടവും പിഴയും. ഇത്തരത്തില്‍ പാസ്പോര്‍ട്ട് സമ്പാദിക്കാന്‍ കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥനെതിരേ വാറണ്ടും കേസും.
മാടായി വെങ്ങര പോസ്റ്റോഫീസിന് സമീപത്തെ താഹിറ മന്‍സിലില്‍ ഇ. മുഹമ്മദ് ഫാറൂഖി (54) നാണ് പയ്യന്നൂര്‍ ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് വി.ഷീജ തടവും പിഴയും വിധിച്ചത്. ഒരു വര്‍ഷം തടവും 17,000 രൂപ പിഴയൊടുക്കാനുമാണ് കോടതി ഉത്തരവിട്ടത്.
യഥാര്‍ഥ പേര് മറച്ചുവച്ച് വ്യാജരേഖകളുടെ പിന്‍ബലത്തില്‍ തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍നിന്നു കൊല്ലത്തെ ഷക്കില മന്‍സില്‍ ഫാറൂഖ് എന്ന പേരില്‍ 4344690 നമ്പര്‍ ഇന്ത്യന്‍ പാസ്പോര്‍ട്ട് സമ്പാദിച്ച് അത് യഥാര്‍ഥരേഖയായി ഉപയോഗപ്പെടുത്തി പാസ്പോര്‍ട്ട് അധികാരികളെ യും ഇന്ത്യാ ഗവൺമെന്റിനെയും വഞ്ചിച്ചതായാണ് പഴയങ്ങാടി പോലീസ് രജിസ്റ്റര്‍ ചെയ്തിരുന്ന കേസ്.
ഇതിനായി റേഷന്‍കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, സ്കൂളിലെ അഡ്മിഷന് രജിസ്റ്റര്‍ എന്നിവ വ്യാജമായി നിര്‍മിച്ചതാണെന്നും പോലീസ് കണ്ടെത്തിയിരുന്നു.
ഇയാളുടെ പാസ്പോര്‍ട്ടിനായുള്ള അപേക്ഷയില്‍ അന്വേഷണം നടത്തിയ ചവറ പോലീസ് സ്റ്റേഷനിലെ സ്പെഷല്‍ ബ്രാഞ്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന കരുനാഗപ്പള്ളിയിലെ രാധാകൃഷ്ണപിള്ള കേസിലെ രണ്ടാം പ്രതിയാണ്.
2009ല്‍ നല്കിയ അപേക്ഷയിലെ വിവരങ്ങള്‍ വ്യാജമാണെന്നറിഞ്ഞിട്ടും പ്രതിയുടെ പ്രവൃത്തി നിയമവിരുദ്ധമാണെന്നറിഞ്ഞിട്ടും പ്രതിക്ക് സഹായകമായി കൂട്ടുനിന്നുവെന്നായിരുന്നു രണ്ടാം പ്രതിക്കെതിരെയുണ്ടായിരുന്ന പരാതി.
കോടതിയില്‍ ഹാജരാകാതിരുന്നതിനാല്‍ ഇയാള്‍ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച കോടതി ഇയാളെ പ്രതിയാക്കി പുതിയ കേസെടുക്കാനും കോടതി ഉത്തരവിട്ടു.
പഴയങ്ങാടി എസ്ഐ ജി.അനൂപ് രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസിനു വേണ്ടി എപിപി നാസര്‍ കോടതിയില്‍ ഹാജരായി.