കോട്ടയം: കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ 12.5 കിലോഗ്രാം കഞ്ചാവും 0.53 ഗ്രാം എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.
നീണ്ടൂര്‍ കൃഷിഭവന് ഭാഗത്ത് കുറുപ്പിനകത്ത് ലൈബു കെ.സാബു (29) വിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രിയില്‍ ഏറ്റുമാനൂര്‍ ഓണംതുരുത്ത് ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി യുവാവ് എത്തിയിട്ടുണ്ടെന്ന് ജില്ലാ പോലീസ് ചീഫ് കെ. കാര്‍ത്തികിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഏറ്റുമാനൂര്‍ പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് യുവാവിനെ എംഡിഎംഎയുമായി പിടികൂടുന്നത്.
തുടര്‍ന്ന് പോലീസ് സംഘം നടത്തിയ വിശദമായ പരിശോധനയിലാണ് കാറിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ 12.5 കിലോയോളം കഞ്ചാവും കണ്ടെടുത്തത്.
ജില്ലാ നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി സി. ജോണ്‍ കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, ഏറ്റുമാനൂര്‍ എസ്എച്ച്ഒ സി.ആര്. രാജേഷ് കുമാര്‍, ഗാന്ധിനഗര്‍ സ്റ്റേഷന് എസ്എച്ച്ഒ കെ. ഷിജി, ഏറ്റുമാനൂര്‍ എസ്ഐ കെ.കെ. പ്രശോഭ് കൂടാതെ ഡാന്‍സഫ് ടീമും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.
ഇയാള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു കൊടുക്കുന്നവരെപറ്റിയുള്ള അന്വേഷണം നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. ജില്ലയില്‍ കഴിഞ്ഞ നാല് മാസത്തിനിടയില്‍ 105 കിലോയോളം കഞ്ചാവാണ് പിടികൂടിയത്.