കാസർഗോഡ്: സ്വകാര്യ ഹോട്ടലില്‍നിന്ന് ഓൺലൈനായി വരുത്തിയ കുഴിമന്തി കഴിച്ചതിനു പിന്നാലെ അവശനിലയിലായ കോളജ് വിദ്യാര്‍ഥിനി മരിച്ചു.
ചെമ്മനാട് തലക്ലായി സ്വദേശിനി അഞ്ജുശ്രീ പാര്‍വതി (20) യാണ് മരിച്ചത്. ആറു ദിവസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭക്ഷ്യവിഷബാധ മൂലം സംസ്ഥാനത്ത് ഒരാഴ്ചയ്ക്കിടെ സംഭവിക്കുന്ന രണ്ടാമത്തെ മരണമാണ് ഇത്. കോട്ടയം ഏറ്റുമാനൂരിൽ സ്വകാര്യ ഹോട്ടലില്‍ നിന്നു വരുത്തിയ അല്‍ഫാം കഴിച്ച് നഴ്സ് രശ്മി രാജന് മരിച്ചത് കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു.
ഇതേത്തുടർന്നു ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാനവ്യാപകമായി റെയ്ഡുകൾ നടക്കുന്നതിനിടെയാണ് വീണ്ടും മരണം സംഭവിച്ചത്.
കാസര്‍ഗോഡ് ജില്ലയിൽ അഞ്ജുശ്രീയുടെ മരണം ഏഴുമാസത്തിനിടെ ഇത്തരത്തിലുള്ള രണ്ടാമത്തെ മരണമാണ്. കഴിഞ്ഞ മേയ് ഒന്നിനാണ് ട്യൂഷന് സെന്ററിലെ കൂട്ടുകാര്‍ക്കൊപ്പം ഷവര്‍മ വാങ്ങി കഴിച്ച ചെറുവത്തൂരിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്.
കൂടെയുണ്ടായിരുന്ന പതിനാറോളം വിദ്യാര്‍ഥികളും ചികിത്സയിലായിരുന്നു. ഈ സംഭവത്തിനു പിന്നാലെ ജില്ലയിലും സംസ്ഥാനത്തും ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ വ്യാപകമായ പരിശോധനകള്‍ നടന്നിരുന്നു.
ആദ്യത്തെ ആവേശം കഴിഞ്ഞപ്പോഴേക്കും എല്ലാം ആറിത്തണുക്കുകയായിരുന്നു. ജില്ലയിലെ 31 ഹോട്ടലുകളില്‍ കഴിഞ്ഞദിവസം ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തിയിരുന്നു.
ക്രമക്കേടുകള്‍ കണ്ടെത്തിയ ഒമ്പതിടങ്ങളില്‍ പിഴയീടാക്കുകയും ചെയ്തിരുന്നു. പരിശോധനകള്‍ പ്രഹസനമാകുന്നതിന്റെ തെളിവാണ് മരണങ്ങള് ആവര്‍ത്തിക്കുന്നത്.