കോഴിക്കോട്: ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, ഷാരൂഖ് ഖാൻ, ആസിഫ് അലി എന്നിവരും അഡൾട്ട് ചിത്രങ്ങളിലെ നായിക മിയാ ഖലീഫയും പാർട്ടി അംഗത്വപ്പട്ടികയിൽ ഇടംപിടിച്ചെന്ന വ്യാജമാണെന്ന് വ്യക്തമാക്കി മുസ്ലീം ലീഗ്.
പാർട്ടിയുടെ അംഗത്വ വിതരണ യജ്ഞത്തിനെതിരെ വ്യാജ സ്ക്രീൻഷോട്ട് ഉപയോഗിച്ച് ചിലർ നടത്തുന്ന പ്രചരണത്തിന്റെ ഭാഗമാണ് ഇതെന്ന് മുസ്ലീം ലീഗം ജനറൽ സെക്രട്ടറി പി.എം.എ. സലാം അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ നേമം മണ്ഡലത്തിലുള്ള കളിപ്പാംകുളം വാർഡിലെ പട്ടികയാണ് വിവാദത്തിന് കാരണമായത്.
പട്ടിക പുറത്തുവന്നതോടെ ചലച്ചിത്ര താരങ്ങളെ ഉപയോഗിച്ച് പാർട്ടി അംഗങ്ങളുടെ എണ്ണം പെരുപ്പിച്ചുകാട്ടാനാണ് ലീഗ് ശ്രമിക്കുന്നതെന്ന് രാഷ്ട്രീയ എതിരാളികൾ ആരോപിച്ചിരുന്നു.
ഇതോടെയാണ് വിശദീകരണവുമായി ലീഗ് നേതൃത്വം രംഗത്തെത്തിയത്. അംഗങ്ങളാവാൻ താത്പര്യമുള്ള വ്യക്തികളുടെ വീടുകളിൽ പോയി പ്രത്യേക ഫോം പൂരിപ്പിച്ച്, പ്രാദേശിക നേതൃത്വത്തിന് നൽകുന്ന പാസ്വേഡ് ഉപയോഗിച്ചാണ് ഇ- അംഗത്വപ്പട്ടിക തയാറാക്കിയതെന്ന് സലാം അറിയിച്ചു.
വ്യാജ ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.