സ്വന്തം ലേഖകൻ
കോഴിക്കോട്: മലബാറിലെ പ്രബല വിഭാഗം മുസ്ലിം സംഘടനകൾ നേർക്കുനേരുള്ള പോര് രൂക്ഷമാകുന്നു. കഴിഞ്ഞ ആഴ്ച്ച കോഴിക്കോട്ട് ചേർന്ന മുജാഹിദ് സമ്മേളനത്തിന് ശേഷമാണ് ഇരു സംഘടനകളും തമ്മിലുള്ള തർക്കം രൂക്ഷമായി മാറിയത്.
മുജാഹിദ് വിഭാഗവും സുന്നി വിഭാഗവും പരസ്പരം വിരുദ്ധ കാന്പയിനുമായി മുന്നോട്ടുപോകാനാണ് തീരുമാനം.മുജാഹിദ് സംസ്ഥാന സമ്മേളനത്തിന് ബിജെപി നേതാവു കൂടിയായ ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ളയെ ക്ഷണിച്ചതു മുതലാണ് ഇരുകൂട്ടരും തമ്മിലുള്ള തർക്കം മുറുകിയത്.
നേരത്തെതന്നെ ആശയപരമായി ഇരുകൂട്ടരും യാതൊരുതരത്തിലും യോജിക്കാത്ത നിലപാടായിരുന്നു സ്വീകരിച്ചു വന്നിരുന്നത്. അതിനിടെയാണ് വിയോജിപ്പിന്റെ ആക്കം കൂട്ടുന്ന തരത്തിലുള്ള സംഭവവികാസങ്ങൾ ഉടലെടുത്തത്.
മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായി ബിജെപി നേതാക്കളെ ക്ഷണിച്ചതു മുതൽ തന്നെ സമസ്ത അണികൾ വിഷയം സമൂഹ മാധ്യമങ്ങളിൽ ഉയർത്തി മുജാഹിദ് വിരുദ്ധ ചർച്ചയ്ക്ക് തുടക്കം കുറിച്ചിരുന്നു.
അതിനിടെ മുജാഹിദ് സമ്മേളന വേദിയിൽ ജോൺ ബ്രിട്ടാസ് എംപി പങ്കെടുത്തു നടത്തിയ പ്രസംഗം കൂടി ആയപ്പോൾ മുജാഹിദ് വിരുദ്ധ കാന്പയിൻ അതിരൂക്ഷമായി.
കേരളത്തിൽ മുസ്ലിംങ്ങൾ കാണിക്കുന്ന സഹിഷ്ണുത ഉത്തരേന്ത്യയിൽ ആർഎസ്എസിൽനിന്ന് പ്രതീക്ഷിക്കേണ്ടെന്നതായിരുന്നു ബ്രിട്ടാസിന്റെ പ്രസംഗം.
ഇതുകൂടി ആയതോടെയാണ് സുന്നി വിഭാഗം ഒറ്റതിരിഞ്ഞ് മുജാഹിദുകൾക്ക് നേരെ വാളെടുക്കാൻ തുടങ്ങിയത്. മാത്രവുമല്ല പാണക്കാട് മുനവറലി തങ്ങളെ മുജാഹിദ് സമ്മേളനത്തിൽ പങ്കെടുത്തുക്കുന്നതിൽ നിന്ന് സമസ്ത വിലക്കുകയും ചെയ്തിരുന്നു.
ഇതിനെല്ലാം പുറമെയാണ് ഇന്നലെ സമസ്തയുടെ നേതൃത്വത്തിൽ കോഴിക്കോട്ട് ആദർശ സമ്മേളനം നടത്തിയത്. സമ്മേളനത്തിൽ മുജാഹിദിന്റെ തീവ്ര ആശയങ്ങൾക്കെതിരേ നേതാക്കൾ അഞ്ഞടിച്ചു.
തീവ്രവാദ പ്രസ്ഥാനങ്ങളിലേക്കുള്ള ചേക്കേറലുകൾക്ക് മുജാഹിദ് സംഘടനകൾ വഴിവയ്ക്കുന്നുവെന്ന തരത്തിലായിരുന്നു നേതാക്കളുടെ പ്രതികരണം.
ഇന്നലെ നടന്ന സമസ്തയുടെ ആദർശ സമ്മേളനത്തിൽ പാണക്കാട് ഹമീദലി ശിഹാബ് തങ്ങൾ പങ്കെടുക്കുകയും ചെയ്തു. ഇതോടെ മുജാഹിദ് വിഭാഗം അടുത്ത മൂന്ന് മാസത്തേക്ക് സുന്നി വിരുദ്ധ കാന്പയിൻ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇന്നലെ കോഴിക്കോട്ട് ചേർന്ന ഉന്നതാധികാര യോഗമാണ് കാന്പയിൻ നടത്താനുള്ള തീരുമാനത്തിലേക്കെത്തിയത്. സുന്നി മതപണ്ഡിതർ ആത്മീയ നേതൃത്വം നൽകുന്നതിനെതിരേയാണ് കാന്പയിൻ.
ആത്മീയ ചൂഷണങ്ങൾക്കെതിരേ തൗഹീദി മുന്നേറ്റമെന്ന പേരിൽ വരുന്ന മൂന്ന് മാസം കാന്പയിൻ നടത്താനാണ് മുജാഹിദ് വിഭാഗത്തിന്റെ തീരുമാനം.
എന്നാൽ പാണക്കാട് തങ്ങളെ പരിപാടിക്ക് ക്ഷണിച്ചപ്പോഴില്ലാത്ത എന്ത് വിരുദ്ധതയാണ് ഇപ്പോഴുണ്ടായതെന്ന് മുജാഹിദ് വ്യക്തമാക്കണമെന്ന് സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കം ‘രാഷ്ട്രദീപിക’യോട് പറഞ്ഞു.
അതിനിടെ ഇരു കൂട്ടരും തമ്മിലുള്ള തർക്കത്തിന് പരമാവധി രാഷ്ട്രീയമാനം നൽകി അതിനെ അനുകൂലമാക്കാനാണ് ഇടത് ക്യാന്പ് ശ്രമിക്കുന്നതെന്ന്.
മുജാഹിദ് നേതാക്കളുടെ ബിജെപി സ്നേഹം പരമാവധി ആളിക്കത്തിച്ച് അവിടെ വിള്ളലുണ്ടാക്കിയും സുന്നി വിഭാഗത്തെ ഭയപ്പെടുത്തിയും തങ്ങൾക്കനുകൂലമാക്കാനണ് ശ്രമം നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.