ശ്രീകണ്ഠപുരം: പയ്യാവൂരിൽനിന്ന് കാണാതായ വയോധികന്റെ മൃതദേഹം കർണാടകയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പയ്യാവൂരിലെ പിണക്കാട്ട് തോമസി (68) ന്റെ മൃതദേഹമാണ് കർണാടക കുടകിലെ കുട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തിയത്.
ഇവിടെ കാപ്പിത്തോട്ടത്തിൽ ജോലിക്കുപോയ തൊഴിലാളികൾ മൃതദേഹം കണ്ടതിനെ തുടർന്ന് കുട്ട പോലീസിൽ അറിയിക്കുകയായിരുന്നു.
തുടർന്ന് കേരള പോലീസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പയ്യാവൂരിൽനിന്ന് കാണാതായ തോമസിന്റെ മൃതദേഹമാണെന്ന് വ്യക്തമായത്.
കഴിഞ്ഞ ഡിസംബർ 19 നാണ് തോമസിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പയ്യാവൂർ എസ്ഐ എം.ജെ. ബെന്നി യുടെ നേതൃത്വത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരികയായിരുന്നു.
19 ന് രാവിലെ 11.35 ന് തോമസ് ശ്രീകണ്ഠപുരം സെൻട്രൽ ജംഗ്ഷനിലെത്തിയതായി ഇവിടത്തെ സിസിടിവി യിൽ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പയ്യാവൂർ എസ്ഐ എം.ജെ. ബെന്നിയുടെ നേതൃത്വത്തിൽ കുട്ടിയിലെത്തി നടത്തിയ അന്വേഷണത്തിൽ കുട്ടയിലെ പെട്രോൾ പമ്പിൽനിന്ന് തോമസ് പെട്രോൾ വാങ്ങി പോകുന്നതായുള്ള സിസിടിവി ദൃശ്യം കുട്ട പോലീസിന് ലഭിച്ചതോടെയാണ് മൃതദേഹം തോമസിന്റേതാണെന്ന് വ്യക്തമായത്.
തോമസിന്റെ ബന്ധുക്കൾ സ്ഥലത്തെത്തി മൃതദേഹം തോമസിന്റേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.