കാക്കനാട്: മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമ കാക്കനാട് മൂലേപ്പാടം റോഡിൽ സ്ലീബാവീട്ടിൽ എബിൻ വർഗീസ് (40), ഭാര്യ ശ്രീരഞ്ജിനി (39) എന്നിവർക്കെതിരേ തൃക്കാക്കരയിൽ മാത്രം ഇതുവരെ ലഭിച്ചത് 123 പരാതികൾ.
ഇന്നലെ മാത്രം തൃക്കാക്കരയിൽ അഞ്ച് പരാതികൾ ലഭിച്ചു. നിലവിൽ നൂറുകോടിക്ക് മുകളിൽ നഷ്ടപ്പെട്ട പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. തട്ടിപ്പ് 200 കോടിയോളം രൂപയുടേതാണെന്നാണ് പോലീസ് കണക്കാക്കുന്നത്.
ഓൺലൈനായി 20 പരാതികളാണ് പോലീസിന് മുന്നിലെത്തിയിട്ടുള്ളത്. ഇതിൽ 10 കോടി നഷ്ടപ്പെട്ടെന്നാണ് കണക്കാക്കുന്നത്.
ഇതോടൊപ്പം വൈറ്റില സ്വദേശിനിക്കും സുഹൃത്തുക്കൾക്കും 6,04,09,292 രൂപ നഷ്ടമായെന്ന് തൃക്കാക്കര പോലീസിൽ ലഭിച്ച പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാസ്റ്റേഴ്സ് ഫിൻസെർവിന്റെ പേരിലുള്ള ആക്സിസ് ബാങ്ക് വെണ്ണല ബ്രാഞ്ചിലെ അക്കൗണ്ടിലേയ്ക്ക് 2017 നവംബറിൽ അഭിഭാഷകയും ഭർതൃസഹോദരന്റെ സുഹൃത്തുക്കളും ചേർന്ന് അയച്ച പണമാണ് നഷ്ടപ്പെട്ടത്.
ഷെയർമാർക്കറ്റിൽ പണം മുടക്കിയാൽ വൻലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. എന്നാൽ പ്രതികൾ ഈ തുക ഷെയർമാർക്കറ്റിൽ നിക്ഷേപിക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു.
കസ്റ്റഡിയിൽ വാങ്ങാൻ പോലീസ്
മാസ്റ്റേഴ്സ് ഗ്രൂപ്പ് തട്ടിപ്പ് തട്ടിപ്പ് കേസിൽ മാസ്റ്റേഴ്സ് ഗ്രൂപ്പ് ഉടമകളായ എബിൻ വർഗീസ്, ഭാര്യ ശ്രീരഞ്ജിനി എന്നിവരെ അന്വേഷണ സംഘം ഇന്ന് കസ്റ്റഡിയിൽ വാങ്ങും.
രാവിലെ പതിനൊന്നോടെയാണ് കോടതി കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത്.അതേസമയം തൃക്കാക്കര പോലീസ് ആദ്യം രജിസ്റ്റർ ചെയ്ത അഞ്ചുകേസുകൾ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കും. 20 കോടിയുടെ തട്ടിപ്പ് കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുക്കുന്നത്.