കൊച്ചി: തൃശൂരിലെ സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതി പ്രവീണ്‍ റാണ പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. ഇയാൾ കൊച്ചി വിട്ടിട്ടില്ലെന്ന് സൂചനയെത്തുടർന്ന് പ്രതിയെ കണ്ടെത്തുന്നതിനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ്.
പ്രവീണ്‍ റാണ കലൂരിലെ ഫ്ളാറ്റിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് തൃശൂർ പോലീസ് എത്തിയെങ്കിലും കലൂരിലെ ഫ്ളാറ്റിൽനിന്ന് ഇയാൾ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
പരിശോധനകൾക്കായി പോലീസ് മുകളിലേക്ക് കയറിയപ്പോൾ റാണ ഫ്ളാറ്റിലെ മറ്റൊരു ലിഫ്റ്റിൽ രക്ഷപ്പെടുകയാണ് ഉണ്ടായത്.
ഇയാളുടെ നാലു വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു. കൊച്ചിയിലെ ഫ്ളാറ്റിലുണ്ടായിരുന്ന രണ്ടു കാറുകളും കൂട്ടത്തിലുണ്ട്.
പ്രവീണ്‍ റാണയെന്ന കെ.പി. പ്രവീണ്‍, നാല് കൊല്ലം കൊണ്ട് നൂറു കോടിയിലധികം രൂപ തട്ടിയെടുത്തെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തൽ.
’സേഫ് ആൻഡ് സ്ട്രോംഗ് നിധി’ എന്ന സാന്പത്തിക സ്ഥാപനം വഴിയും വിവിധ ബിസിനസുകളിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞുമായിരുന്നു നിക്ഷേപങ്ങളത്രയും വാങ്ങിക്കൂട്ടിയത്.
ഫ്രാഞ്ചൈസിയിൽ ചേർന്നാൽ നാൽപ്പത്തിയെട്ടു ശതമാനം പലിശയും കാലാവധി കഴിയുന്പോൾ മുതലും തിരികെ ലഭിക്കുമെന്ന് നിക്ഷേപകരെ വിശ്വസിപ്പിക്കുകയായിരുന്നു.
തൃശൂരിലെ സ്വകാര്യ എൻജിനീയറിംഗ് കോളജിൽനിന്ന് ബിടെക് ബിരുദം നേടിയ ശേഷം പത്തുകൊല്ലം മുന്‍പാണ് പ്രവീണ്‍ റാണ നിക്ഷേപം സ്വീകരിക്കുന്ന ബിസിനസ് തുടങ്ങുന്നത്.
അതിശയിപ്പിക്കുന്ന വേഗത്തിലായിരുന്നു ഇയാളുടെ വളർച്ച. കുറഞ്ഞ കാലത്തിനുള്ളിൽ സേഫ് ആൻഡ് സ്ട്രോംഗ് നിധിയെന്ന സാന്പത്തിക സ്ഥാപനമായി ഇത് മാറി.
തൃശൂർ, പാലക്കാട് ജില്ലകളിലായി ഇരുപതിലധികം ബ്രാഞ്ചുകളാണ് കന്പനിക്കുള്ളത്. നൂറിലേറെ ജീവനക്കാരാണ് അവിടെ പ്രവർത്തിക്കുന്നത്.
ഹോട്ടൽ ആൻഡ് ടൂറിസം മേഖലയിൽ നിക്ഷേപിക്കാനെന്ന് പറഞ്ഞാണ് പണം സ്വീകരിച്ചത്. നിധിയിലെ നിക്ഷേപത്തിന് പലിശ പന്ത്രണ്ട് ശതമാനമായിരുന്നു.
കന്പനിയുടെ ഫ്രാഞ്ചൈസിയിൽ അംഗമായാൽ നാൽപ്പത്തിയെട്ട് ശതമാനം വരെ പലിശ നൽകുമെന്നു പിന്നീട് വാഗ്ദാനം നൽകി. കാലാവധി തീർന്നാൽ മുതലും മടക്കി നൽകും.
തുടക്കത്തിൽ പലിശ മുടക്കമില്ലാതെ കിട്ടിയതോടെ നിരവധിപ്പേർ നിക്ഷേപകരായി. കൂടുതൽ നിക്ഷേപം കൊണ്ടുവരുന്നവർക്ക് വന്പൻ സമ്മാനങ്ങളും നൽകി.
ഉന്നത പോലീസ്-രാഷ്ട്രീയ ബന്ധങ്ങളുള്ള പ്രവീണ്‍ റാണയ്ക്ക് പൂനെയിലും കൊച്ചിയിലും ഡാൻസ് ബാറുകളും ഉണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ സ്വതന്ത്രനായി മത്സരിച്ച ഇയാൾ ആയിരം വോട്ടും നേടി. ചോരൻ സിനിമയിൽ നായക വേഷത്തിലും ഇയാൾ എത്തിയിരുന്നു.