ഇടുക്കി: അടിമാലി അപ്സരക്കുന്നില്‍ വഴിയില്‍നിന്നു ലഭിച്ച മദ്യം കഴിച്ച് മൂന്നു യുവാക്കള്‍ ഗുരുതരാവസ്ഥയിലായ സംഭവത്തില്‍ വഴിത്തിരിവ്.
ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലര്‍ന്നിരുന്നെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതാകാം അപകടത്തിനു കാരണമെന്നാണ് നിഗമനം.
സംഭവത്തിൽ പോലീസും എക്സൈസും വിശദമായ അന്വേഷണം ആരംഭിച്ചു. ലഭിച്ച മദ്യം വ്യാജനാണോ വിദേശ മദ്യശാലകളില്‍നിന്നു വാങ്ങിയതാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം.
മദ്യം നല്കിയ അപ്സരക്കുന്ന് സ്വദേശി സുധീഷിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. മദ്യം വഴിയില്‍നിന്നാണ് ലഭിച്ചതെന്ന മൊഴിയില്‍ ഇയാള്‍ ഉറച്ചുനില്‍ക്കുകയാണെന്ന് പോലീസ് പറഞ്ഞു.
മദ്യസാമ്പിള്‍ പരിശോധനയ്ക്കായി എക്സൈസ് സംഘം ശേഖരിച്ചിട്ടുണ്ട്. അതേസമയം മദ്യക്കുപ്പി കത്തിച്ചു കളഞ്ഞതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്.
മദ്യം കഴിച്ച കീരിത്തോട് മടപ്പറമ്പില്‍ മനോജ് (മനു-28), അടിമാലി പടയാട്ടില്‍ കുഞ്ഞുമോന് (40), പുത്തന്‍പറമ്പില്‍ അനു (38) എന്നിവര്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.
ഇവരുടെ നില മെച്ചപ്പെട്ടതായി പോലീസ് പറഞ്ഞു. ആരോഗ്യനില മെച്ചപ്പെട്ടാല്‍ ഇവരെയും ചോദ്യം ചെയ്യും.സുധീഷിന് ശനിയാഴ്ച രാവിലെയാണ് വഴിയില്‍ കിടന്ന് അരലിറ്റര്‍ വിദേശ മദ്യം ലഭിച്ചത്.
ഇയാള്‍ ഉടന്‍തന്നെ സുഹൃത്തുക്കളായ മനോജ്, കുഞ്ഞുമോന്, അനു എന്നിവരെ വിവരം അറിയിച്ചു. ഇവരെത്തി മദ്യം കഴിച്ചതിനു പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ഇതോടെ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു.ഇതിനിടെ ഒരാള്‍ രക്തം ഛര്‍ദ്ദിക്കുകയും മറ്റുള്ളവര്‍ അവശ നിലയിലാവുകയുംചെയ്തു.
തുടര്‍ന്ന് മൂന്നു പേരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ഇവര്‍ക്ക് മദ്യം നല്കിയ സുധീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.