ഈശ്വര നിയോഗം പോലെ വളരെ യാദൃശ്ചികമായി കൈവന്ന മഹാഭാഗ്യമായിരുന്നു ഈ ശബരിമല യാത്ര.
മാളികപ്പുറം എന്ന സിനിമയുടെ പമ്പയിലെ ചിത്രീകരണം തീർന്ന ദിവസം ആയിരുന്നു ഒരുപാട് വർഷങ്ങൾക്കുശേഷം ഞാൻ മല ചവിട്ടുന്നത്.
ഈ സിനിമ എന്നിലേക്ക് വന്ന നിമിഷം തൊട്ട് എന്റെ മനസും ശരീരവും വ്രതത്തിൽ ആയിരുന്നു…
പമ്പയിൽനിന്ന് ഇരുമുടിയില്ലാതെ മല ചവിട്ടുമ്പോൾ അൽപ്പം വിഷമം തോന്നിയിരുന്നു എങ്കിലും കുഞ്ഞുനാൾ തൊട്ട് ഞാനും നിങ്ങളും കേട്ട് പരിചയിച്ച അച്ഛന്റെയും കൊച്ചച്ചന്റെയും അയ്യപ്പ സ്തുതികൾ മനസിൽ അലയടിക്കവേ,
എന്റെ മനസും ശരീരവും പുണ്യവൃതത്തോടുകൂടിയുള്ള ശബരിമലയാത്രയായി തീർന്നു. സാധാരണക്കാരിൽ ഒരാളായി ആരെയും അറിയിക്കാതെ ഞാൻ മലചവിട്ടി കയറുമ്പോൾ പൊന്നയ്യന്റെ പുണ്യ ദർശനം മാത്രമായിരുന്നു മനസിൽ..
പിന്നങ്ങോട്ടുള്ള നിമിഷങ്ങളെല്ലാം ജീവിതത്തിൽ ഒരിക്കലും തിരിച്ചു കിട്ടാത്ത മഹാഭാഗ്യമായി ഞാൻ കരുതുന്നു.
ഒരു കലാകാരൻ എന്ന നിലയിലും വലിയൊരു അച്ഛന്റെ മകനായി ജനിച്ചു എന്ന ജന്മസുകൃതം കൊണ്ടും, അയ്യപ്പ സന്നിധിയിൽനിന്ന് എനിക്കു കിട്ടിയ സ്നേഹത്തിനും, ആദരവിനും എത്ര നന്ദി പറഞ്ഞാലും മതിയാവില്ല… അത്രത്തോളം ദൈവീകവും, മനോഹരമായിരുന്നു ആ നിമിഷങ്ങൾ…
-മനോജ് കെ. ജയൻ