ആമ്പല്ലൂർ (തൃശൂർ): വൈവാഹിക സൈറ്റുകളിൽ വ്യാജ പേരിൽ വിവാഹ പരസ്യം നൽകി സ്ത്രീകളിൽ നിന്ന് പണം തട്ടിയയാൾ അറസ്റ്റിൽ.
മലപ്പുറം ഒഴുകൂർ താഴത്തയിൽ വീട്ടിൽ മുഹമ്മദ് ഫസലാണ് (32) അറസ്റ്റിലായത്. നിരവധി പേരിൽ നിന്ന് ലക്ഷങ്ങളാണ് ഇയാൾ തട്ടിയത്.
അമൽ കൃഷ്ണ എന്ന പേരിലാണ് ഇയാൾ കേരളത്തിലെ പ്രശസ്ത വൈവാഹിക സൈറ്റുകളിൽ വിവാഹ പരസ്യം നൽകിയിരുന്നത്.
ആധാറും പാസ്പോർട്ടും വ്യാജമായി നിർമിക്കുന്ന ഇയാൾ ജോലി പൈലറ്റാണെന്നാണ് വൈവാഹിക സൈറ്റുകളിൽ നൽകിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.
തുടർന്ന് വിവാഹത്തിന് താൽപര്യം പ്രകടിപ്പിക്കുന്ന വീട്ടുകാരിൽ നിന്ന് പണം തട്ടുന്നതാണ് രീതി. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽനിന്ന് 1,10,000 രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് അറസ്റ്റ്.
സംസ്ഥാനത്ത് പലയിടങ്ങളിലും ഇയാൾ ഇത്തരത്തിൽ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പൊലീസ് പറഞ്ഞു.
എറണാകുളത്ത് പറവൂർ സ്വദേശിനിയിൽനിന്ന് ഏഴ് ലക്ഷവും കൊണ്ടോട്ടി സ്വദേശിയായ സ്ത്രീയിൽ നിന്ന് 50 ലക്ഷവും തട്ടിച്ചതായും കൊല്ലം, എറണാകുളം, മലപ്പുറം, വയനാട് എന്നിവിടങ്ങളിൽ സമാനമായ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
മറ്റൊരു കേസിൽ കൊല്ലം സൈബർ പൊലീസ് പാലാരിവട്ടത്തുനിന്ന് അറസ്റ്റ് ചെയ്ത് റിമാന്റിലായ പ്രതിയെ വരന്തരപ്പിള്ളി പൊലീസ് അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു.
അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്ന് വരന്തരപ്പിള്ളി എസ്.എച്ച്.ഒ എസ്. ജയകൃഷ്ണൻ പറഞ്ഞു.