കഴിക്കുന്ന പല ആഹാര വിഭവങ്ങളും ഹൃദയത്തിന്റെ നല്ല ആരോഗ്യത്തിന് സഹായിക്കുന്നതാണോ അല്ലയോ എന്ന് കൂടുതൽ പേരും ആലോചിക്കാറില്ല.
പഞ്ചസാര, ഉപ്പ്,പൂരിത കൊഴുപ്പ്
പൂരിത കൊഴുപ്പുകൾ, കൂടിയ അളവിലുള്ള പഞ്ചസാര, ഉപ്പ് എന്നിവ ഹൃദയത്തിന്റെ ആരോഗ്യം തകർക്കാൻ കാരണമായി മാറാവുന്നതാണ്.
വറുത്തതും പൊരിച്ചതും ശീലമാക്കുന്നവരിൽ…
വറുത്തതും പൊരിച്ചതും കൂടിയ അളവിൽ എണ്ണ ചേർത്ത വിഭവങ്ങളും മികച്ച ഹൃദയാരോഗ്യത്തിന് ഒട്ടും തന്നെ നല്ലതല്ല. കൂടിയ അളവിൽ പഞ്ചസാര കഴിക്കുന്നതും പ്രശ്നമാണ്. വറുത്തതും പൊരിച്ചതും കൂടുതൽ ഉപ്പ് ചേർത്തിട്ടുള്ളതുമായ ആഹാരം കഴിക്കുന്ന ശീലം ജനങ്ങളിൽ കൂടി വരികയാണ്.
ഹൃദ്രോഗസാധ്യത വറുത്തതും പൊരിച്ചതുമായ ആഹാരങ്ങളുമായി വളരെയടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ നല്ല നിലയിലുള്ള ഹൃദയാരോഗ്യം സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതു ശ്രദ്ധിക്കണം.
ഉപ്പും രക്തസമ്മർദവുംതമ്മിൽ
കൂടിയ അളവിലുള്ള ഉപ്പ് ആഹാരത്തിലൂടെയോ അല്ലാതെയോ എത്തുന്നത് ശരീരത്തിൽ ജലാംശം കൂടുതൽ സമയം കെട്ടി നിൽക്കുന്നതിന് കാരണമാകും. അതായത്, ഉപ്പ് കൂടുതലായി ശരീരത്തിനകത്ത് ചെല്ലുമ്പോൾ കൂടുതൽ വെള്ളം കുടിക്കും.
ഇതിന്റെ ഫലമായി രക്തസമ്മർദനിലയും ഉയരും. ഈ ശീലം ഉള്ളവരിൽ സ്ഥിരമായി രക്തസമ്മർദം ഉയർന്ന നിലയിൽ ആയിരിക്കാനുള്ള സാധ്യതയുമുണ്ട്. പലരിലും ഹൃദയധമനീ രോഗങ്ങൾ ഉണ്ടാകുന്നത് അങ്ങനെയാണ്.
കൊളസ്ടോൾ കൂടുന്നത്
പൂരിത കൊഴുപ്പുകൾ കൂടുതൽ കഴിക്കുന്നതിന്റെ ഫലമായി കൊളസ്ട്രോൾ നിലയും ഉയരാവുന്നതാണ്. കൂടുതൽ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങൾ യഥേഷ്ടം കഴിക്കുന്നത് മറ്റൊരു കാരണമാണ്. ഇതെല്ലാം ഹൃദയാരോഗ്യം തകരാൻ കാരണമായേക്കാം.