തിരുവനന്തപുരം: ഇന്നലെ ചേർന്ന കെപിസിസി ഭാരവാഹി യോഗത്തിൽ ശശി തരൂർ പ്രശ്നം നേതൃത്വം കൈകാര്യം ചെയ്തതിൽ വീഴ്ചയുണ്ടായെന്ന വിമർശനത്തിനു പിന്നാലെ ഇന്നു ചേരുന്ന നിർവാഹക സമിതിയോഗത്തിലും വിഷയം ഉയർന്നു വരും.
എംപിമാരായ ശശി തരൂരും ടി.എൻ.പ്രതാപനം നിയമസഭയിലേക്ക് മത്സരിക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.
കെ.മുരളീധരനും വി.ഡി.സതീശനും വിമർശനവുമായി രംഗത്തു വന്നിരുന്നു. നേതാക്കൾ ആശയകുഴപ്പം ഉണ്ടാക്കുന്ന പ്രസ്താവനകൾ ഒഴിവാക്കണമെന്ന് ഇന്നു ചേരുന്ന നിർവ്വഹക സമിതി നിർദേശം നൽകുമെന്നറിയുന്നു.
അതേസമയം അനാവശ്യ വിവാദങ്ങൾ പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും ശശി തരൂരിനെ ഭിന്നമായി ചിത്രീകരിച്ച് പ്രചാരണം നടത്തുന്നത് ഗുണം ചെയ്യില്ലെന്നുമുള്ള അഭിപ്രായവും കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.
മുഖ്യമന്ത്രിയാകാൻ തയ്യാറെന്ന രീതിയിൽ ശശി തരൂർ നടത്തിയ പ്രസ്താവനയ്ക്കെതിരെയും ഇന്നത്തെ നിർവാഹക സമിതിയോഗത്തിലും വിമർശനമുയരും. കെപിസിസി പുനസംഘടനാ വൈകുന്നതും ഇന്നത്തെ യോഗത്തിൽ ചർച്ചയാകും.