കോട്ടയം: വീട്ടുമാലിന്യത്തിനൊപ്പം വീട്ടുടമയുടെ തിരിച്ചറിയിൽ കാർഡും. മാലിന്യം തള്ളിയാളെ കൈയോടെ പിടികൂടി പഞ്ചായത്ത്.
പാലായ്ക്കു സമീപം നഗരാതിർത്തിയിൽ ഭരണങ്ങാനം പഞ്ചായത്ത് റോഡ് പുറന്പോക്കിൽ വീട്ടു മാലിന്യം നിക്ഷേപിച്ചയാളെയാളെയാണ് തിരിച്ചറിയൽ കാർഡിന്റെ അടിസ്ഥാനത്തിൽ പിടികൂടിയത്.
ഭരണങ്ങാനം പഞ്ചായത്തിലെ 11-ാം വാർഡിൽപ്പെട്ട പാന്പൂരാൻപാറ ഭാഗത്തെ ആളൊഴിഞ്ഞ പുരയിടത്തോട് ചേർന്നുള്ള റോഡ് പുറന്പോക്കിലാണ് വീട്ടുമാലിന്യങ്ങൾ തള്ളിയത്.
വീട്ടു മാലിന്യങ്ങൾക്കൊപ്പം ഉപേക്ഷിച്ച തിരിച്ചറിയൽ രേഖയിൽനിന്നാണു പഞ്ചായത്ത് അധികൃതർ ആളെ കണ്ടെത്തിയത്. പിഴ ഈടാക്കി ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.
ഹരിത കർമ്മ സേനാംഗങ്ങളാണ് മാലിന്യ നിക്ഷേപം കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മാലിന്യത്തിൽനിന്ന് നിക്ഷേപകന്റെ ഫോണ് നന്പർ സഹിതം വിലാസം കണ്ടെത്തി പഞ്ചായത്ത് അധികാരികളെ അറിയിക്കുകയായിരുന്നു. പഞ്ചായത്ത് അസി. സെക്രട്ടറി ഉടൻ സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
ഒരു മണിക്കൂറിനകം ആളെ വിളിച്ചു വരുത്തിയാണ് പിഴയിട്ടത്. ഈ ഭാഗത്ത് സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നത് പതിവാണെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിലും സമാന രീതിയിൽ മൂന്നാം വാർഡ് ആലമറ്റം ഭാഗത്ത് മാലിന്യം നിക്ഷേപിച്ചയാളെ കണ്ടെത്തി നടപടി സ്വീകരിച്ചിരുന്നു. വിലാസത്തിൽ ബന്ധപ്പെട്ട് പഞ്ചായത്ത് അധികൃതർ വിളിച്ചുവരുത്തി പിഴയീടാക്കുകയായിരുന്നു.