സ്വന്തം ലേഖകൻ
തൃശൂർ: സേഫ് ആൻഡ് സ്ട്രോംഗ് നിക്ഷേപ തട്ടിപ്പിൽ അറസ്റ്റിലായ പ്രവീൺ റാണയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കൂടുതൽ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡി അപേക്ഷ നൽകും.
ഇന്നലെ ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് കൊച്ചിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. ചോദ്യം ചെയ്യലിൽ പണം ധൂർത്തടിച്ച് കളഞ്ഞെന്നാണ് റാണയുടെ മൊഴി.
വ്യവസായ പങ്കാളിക്ക് കൊടുത്ത 16 കോടി രൂപ മാത്രമാണ് സ്വന്തമായുളളതെന്നാണ് റാണയുടെ അവകാശവാദം. ബാക്കി തുക എവിടെയെന്നാണ് പോലീസിന്റെ അന്വേഷണം.
ബിനാമി പേരുകളിൽ നടത്തിയ നിക്ഷേപങ്ങളെക്കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. തന്റെ കൈയിൽ ഒറ്റ പൈസ പോലുമില്ലെന്ന് റാണ ധൈര്യമായി പറയുന്നത് മറ്റു പലയിടത്തും നിക്ഷേപം നടത്തിയത് കൊണ്ടാണെന്നാണ് പോലീസ് കരുതുന്നത്.
ഇയാളുടെ ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും പോലീസ് പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്. തന്റെ കൈയിൽ പണമൊന്നുമില്ലെന്ന് റാണ പറഞ്ഞതോടെ നിക്ഷേപകരുടെ ആശങ്കയും വർധിച്ചിട്ടുണ്ട്.
നിക്ഷേപിച്ച പണം തിരിച്ചു കിട്ടാൻ ഇനിയെന്ത് മാർഗമെന്നാണ് പലരും ചോദിക്കുന്നത്. അതേസമയം കൈയിൽ പണമില്ലെന്ന റാണയുടെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല.