തിരുവനന്തപുരം: യുവസംവിധായിക നയന സൂര്യന്റെ ദുരൂഹമരണം സംബന്ധിച്ച അന്വേഷണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡ് രൂപീകരിച്ചേക്കും.
മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്ന് ക്രൈംബ്രാഞ്ച് സർക്കാരിന് കത്ത് നൽകും. സംഘത്തിൽ ദേശീയതലത്തിലെ വിദഗ്ധരെക്കൂടി ഉൾപ്പെടുത്തണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെടും.
മൂന്നു വർഷം മുൻപാണ് നയനയെ തിരുവനന്തപുരത്തെ വാടകവീട്ടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
തെളിയിക്കപ്പെട്ടാത്ത കേസായി മ്യൂസിയം പൊലീസ് റിപ്പോർട്ട് നൽകിയിരുന്നു. കഴുത്തിനേറ്റ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ ദുരൂഹത കൂടിയത്.
പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഗുരുതരവീഴ്ച സംഭവിച്ചുവെന്ന് ഡിസിആർബി അസി.കമ്മീഷണറുടെ പരിശോധനയിലും കണ്ടെത്തിയിരുന്നു.
മൃതദേഹം സംസ്കരിച്ചതിനാൽ വീണ്ടും പോസ്റ്റ്മോർട്ടം നടത്താൻ സാധ്യമല്ലാത്തതിനാൽ ഫോറൻസിക് റിപ്പോർട്ടുകളും ശാസ്ത്രീയ പരിശോധനാഫലങ്ങളും അടിസ്ഥാനമാക്കിയാവും ക്രൈംബ്രാഞ്ച് സംഘത്തിന്റെ അന്വേഷണം.