മുണ്ടക്കയം ഈസ്റ്റ്: കാടുകയറ്റിയ കാട്ടാനക്കൂട്ടം പോയതിലും വേഗത്തിൽ ജനവാസ മേഖലയിൽ തിരിച്ചെത്തി. പെരുവന്താനം പഞ്ചായത്തിലെ ടിആർ ആൻഡ് ടി എസ്റ്റേറ്റിലെ ഇഡികെ ഡിവിഷനിലാണ് വീണ്ടും കാട്ടാനക്കൂട്ടമെത്തിയത്.
മുണ്ടക്കയം – മതമ്പ പ്രധാന റോഡിന്റെ വശങ്ങളിൽ ഇരുപതിലധികം കാട്ടാനകൾ കൂട്ടമായി നിലയുറപ്പിച്ചതോടെ മേഖലയിലേക്കുള്ള വാഹന ഗതാഗതവും നിലച്ചു.
വനം വകുപ്പിന്റെ നേതൃത്വത്തിൽ കടുവയുടെ ശബ്ദം ഉണ്ടാക്കിയും വെടി പൊട്ടിച്ചും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് കയറ്റിവിടാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും പരാജയപ്പെടുകയാണ്.
കാട്ടാനശല്യം തുടങ്ങിയിട്ട് ഒരു വർഷം
മേഖലയിൽ കാട്ടാനശല്യം തുടങ്ങിയിട്ട് ഒരു വർഷത്തിനടുത്തായി. നിരവധി പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ആനക്കൂട്ടത്തെ കാടുകയറ്റാൻ വനം വകുപ്പ് നടപടി തുടങ്ങിയത്.
ആദ്യം പടക്കം പൊട്ടിച്ചായിരുന്നു ആനകളെ വനത്തിലേക്ക് കയറ്റിവിട്ടിരുന്നത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോകുന്നതിന് തൊട്ടുപിന്നാലെ കാട്ടാനകൾ വീണ്ടും ജനവാസ മേഖലയിലെത്തും.
ഒരാഴ്ചയ്ക്കുശേഷം വനം വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിവരുമ്പോഴേക്കും കർഷകരുടെ കപ്പ, റബർ, തെങ്ങ്, വാഴ അടക്കമുള്ള സകല കൃഷികളും ആനകൾ നശിപ്പിക്കും.
നിരവധി തവണ പരാതിപ്പെട്ടിട്ടും പരിഹാരം ഉണ്ടാകാതെ വന്നതോടെ കഴിഞ്ഞദിവസം സിപിഎമ്മിന്റെ നേതൃത്വത്തിൽ ദേശീയപാതയും വനം വകുപ്പ് ഓഫീസും ഉപരോധിച്ചു. ഇതോടെയാണ് വെടി പൊട്ടിച്ചും കടുവയുടെ ശബ്ദമുണ്ടാക്കിയും കാട്ടാനകളെ വനത്തിലേക്ക് കയറ്റിവിട്ടത്.
എന്നാൽ രണ്ടുദിവസം തികയുംമുമ്പ് പോയതിലും വേഗത്തിൽ കാട്ടാനക്കൂട്ടം തിരിച്ച് ജനവാസമേഖലയിലെത്തി. വനാതിർത്തിയിൽ നിന്ന് ആറും ഏഴും കിലോമീറ്റർവരെ ജനവാസമേഖലയിലേക്ക് ഇറങ്ങുന്ന ആനകൾ കടുവയുടെ ശബ്ദം ഉണ്ടാക്കിയാൽ പോലും ഇപ്പോൾ വനത്തിലേക്ക് മടങ്ങുന്നില്ല.
കഴിഞ്ഞദിവസം ആനയെ കണ്ട് ഭയന്നോടിയ തോട്ടംതൊഴിലാളിക്ക് സാരമായി പരിക്കേറ്റിരുന്നു. ഏതുനിമിഷവും ആനയുടെ ആക്രമണം ഭയന്ന് വീതിയോടെ കഴിയുകയാണ് തൊഴിലാളി കുടുംബങ്ങൾ.
പ്രശ്നത്തിന്ശാശ്വത പരിഹാരം
വനംവകുപ്പിന്റെ നേതൃത്വത്തിൽ വനാതിർത്തികളിൽ എത്തിക്കുന്ന കാട്ടാനക്കൂട്ടത്തെ ഉൾവനത്തിലേക്ക് കയറ്റിവിടാത്തതാണ് ഇവ വീണ്ടും ജനവാസ മേഖലയിലേക്ക് ഇറങ്ങുവാൻ പ്രധാന കാരണം.
വനാതിർത്തിമേഖലയിൽ കിടങ്ങുകളോ വൈദ്യുതി വേലികളോ സ്ഥാപിച്ചാൽ ഒരു പരിധിവരെ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങുന്നത് തടയാൻ കഴിയും.
സൗരവേലിക്ക് സർക്കാർ അടിയന്തരമായി ഫണ്ട് അനുവദിച്ച് ഇവയുടെ നിർമാണം പൂർത്തിയാക്കിയാൽ പ്രശ്നത്തിന് പരിഹാരമാകും.