തിരുവനന്തപുരം: നാലു മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും തിരുവനന്തപുരം ക്രിക്കറ്റ് ആവേശത്തിൽ. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.
കൊല്‍ക്കത്തയില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിന് ശേഷം പ്രത്യേക വിമാനത്തില്‍ ഇന്നലെ വൈകിട്ടാണ് ഇരുടീമുകളും തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെ വരവേല്‍ക്കാന്‍ ആരാധകര്‍ വിമാനത്താവളത്തിന് പുറത്ത് തിങ്ങിക്കൂടിയിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് എത്തിയ ടീം അംഗങ്ങൾ ഇന്ന് സ്റ്റേഡിയത്തിൽ പരിശീലനത്തിനിറങ്ങും. ഉച്ചയ്ക്ക് ഒരു മണി മുതൽ നാല് വരെ ശ്രീലങ്കയും വൈകിട്ട് അഞ്ച് മുതൽ എട്ട് വരെ ഇന്ത്യൻ ടീമും പരിശീലനം നടത്തും.
ആദ്യ രണ്ട് ഏകദിനങ്ങളും ജയിച്ച ഇന്ത്യ പരന്പര തൂത്തുവാരാൻ ഉറച്ചാണ് മത്സരത്തിനിറങ്ങുന്നത്. നാളെ നാളെ രാവിലെ 11.30 മുതൽ കാണികളെ സ്റ്റേഡിയത്തിലേക്ക് കയറ്റിത്തുടങ്ങും.
ഉച്ചകഴിഞ്ഞ് 1.30നാണ് മത്സരം തുടങ്ങുക. 800 പോലീസുകാർക്കാണ് നഗരത്തിലെ സുരക്ഷാ, ഗതാഗത ക്രമീകരണങ്ങളുടെ ചുമതല.
മുഖ്യ പരിശീലകന് രാഹുല്‍ ദ്രാവിഡ് ഇല്ലാതെയാണ് ഇന്ത്യന്‍ ടീം തിരുവനന്തപുരത്ത് എത്തിയത്. നാളത്തെ മത്സരത്തിന് മുമ്പ് ദ്രാവിഡ് എത്തുമോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.