പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സർക്കാർ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി ഏർപ്പെടുത്തിയിട്ടുള്ള വിവിധ യാത്രാ സൗജന്യങ്ങളുടെ തുക കെഎസ്ആർടിസിയ്ക്ക് ഇതുവരെ നല്കിയിട്ടില്ല.
ഏകദേശം 3000 കോടിയോളം രൂപയാണ് ഈ ഇനത്തിൽ സർക്കാർ നല്കാനുള്ളത്. വിദ്യാർത്ഥികളുടെ കൺസഷൻ മുതൽ ശാരീരിക-മാനസിക വൈകല്യമുള്ളവരുടെ സൗജന്യ യാത്രവരെയും ജനപ്രതിനിധികളുടെയും മാധ്യമ പ്രവർത്തകരുടെയും സൗജന്യ യാത്ര വരെ ഇതിൽ ഉൾപ്പെടും.
പ്രതിസന്ധിയിലൂടെ കടന്നുപോകുന്നെ കെഎസ്ആർടിസിയ്ക്ക് ഈ തുക കിട്ടിയാൽ വലിയ ആശ്വാസമാകുമായിരുന്നു. ഇത് നല്കുന്നില്ലെന്ന് മാത്രമല്ല കെഎസ്ആർടിസിയെ കൂടുതൽ കടക്കെണിയിലാഴ്ത്തുക കൂടിയാണ് സർക്കാർ നിലപാട്.
സാമൂഹിക പ്രതിബദ്ധതയുടെ കണക്കിൽ 2015 മുതൽ 2022 വരെ സർക്കാർ നല്കാനുള്ള തുക 1108.79 കോടിയാണ്. 2014 – 15-ൽ 192.41 കോടി 15 – 16 – ൽ 184.12 , 16-17-ൽ 243.24 കോടി, 17 – 18 ൽ 234.05 കോടി, 18-19 ൽ 252.05 , 19-20 ൽ 236.97 എന്നിങ്ങനെയാണ് കണക്ക് .
20-21-ൽ കോവിഡ് കാലമായിരുന്നു. 21- 22 – ലെ കണക്ക് ലഭ്യമായിട്ടില്ല. 2013-14വരെ സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ സർക്കാർ നല്കാനുണ്ടായിരുന്നത് 1900 കോടിയാണ്.
സർക്കാർ കെഎസ്ആർടിസിയെ സഹായിക്കുന്നുവെന്ന് അവകാശപ്പെടുമ്പോഴും നല്കുന്നത് നാമമാത്രമായ തുകയാണെന്ന് വിവരാവകാശ നിയമപ്രകാരം നല്കിയ രേഖയിൽ കെഎസ്ആർടിസി വ്യക്തമാക്കുന്നു.
സർക്കാർ പദ്ധതി വിഹിതമായി 2015-16 മുതൽ 20 21 22 വരെ നല്കിയത് വെറും 175.7 കോടി മാത്രമാണ്. 2015-16 ൽ 39.55 , 2016-17 ൽ 20. 61 കോടിയും 2017-18 ൽ 20 കോടിയും 2018-19 ൽ 5-60 കോടിയും 2019 -20 ൽ 2-73 കോടിയും 2021 – 22 ൽ 87.21 കോടിയുമാണ്.
എന്നാൽ ബജറ്റ് വിഹിതമായി തുക അനുവദിക്കുന്നുണ്ടെന്ന് സർക്കാർ വ്യക്തമാക്കുമ്പോഴും അത് മറ്റൊരു കടക്കെണിയായി മാറുകയാണ്.
3500 കോടിയും പലിശയും ബാങ്ക് കൺസോർഷ്യത്തിന് കെ എസ് ആർ ടി സി പ്രതിദിനം ഒരു കോടി എന്ന നിരക്കിൽ അടച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമേയാണ് സർക്കാരിനുള്ള കടം.
2015 – 16 ൽ 214.40 കോടിയും 2016 – 17 ൽ 305 കോടിയും 2017 – 18-ൽ 815 കോടിയും 2018 – 19ൽ 1056.35 കോടിയും 2019 -20 ൽ 987.36 കോടിയും 2020-21 ൽ 1739. 86 കോടിയും 2021-22 ൽ 2037.51 കോടിയും ഉൾപ്പെടെ7155.48 കോടിയാണ് സർക്കാർ കടമായി നല്കിയിട്ടുള്ളത്. ഈ കടം ഇനിയും പെരുകാനേ സാധ്യതയുള്ളൂ.
കഴിഞ്ഞ ആറ് വർഷമായി ഒരു പുതിയ ബസ് വാങ്ങാനോ 2014-ന് ശേഷം ഒരു സ്ഥിരം ജീവനക്കാരനെ നിയമിക്കാനോ കെഎസ്ആർടിസിയ്ക്ക് കഴിഞ്ഞിട്ടില്ല.
എന്നാൽ പുതുതായി രൂപീകരിച്ച കെ സ്വീഫ് റ്റിന് വേണ്ടി കെഎസ്ആർടിസിയുടെ പദ്ധതി വിഹിതം ഉപയോഗിച്ച് 116 ആഡംബര ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങിയിട്ടുണ്ട്. കെഎസ്ആർടിസിയെ നിലനിർത്താൻ, സർക്കാർ നല്കിയ കടം സഹായധനമായി കണക്കാക്കി എഴുതി തള്ളുകയോ ഓഹരിയാക്കി മാറ്റുകയോ ചെയ്യണമെന്ന നിർദ്ദേശം ജീവനക്കാർ മുന്നോട്ടുവയ്ക്കുന്നു.