പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: സ്വതന്ത്ര കന്പനിയായി പ്രവർത്തിക്കുന്ന കെ സ്വിഫ്റ്റ് നടത്തുന്ന ബസ് സർവീസുകളുടെ അപകട നിരക്ക് അമ്പത് ശതമാനത്തോളം.
ആകെയുള്ള 141 ബസുകളിൽ 69 ബസുകളാണ് അപകടത്തിൽപ്പെട്ടിട്ടുള്ളത്. കെ സ്വിഫ്റ്റിന്റെ ദീർഘ ദൂര ആഡംബരസർവീസുകളാണ് ചെറുതും വലുതുമായ അപകടങ്ങൾ വരുത്തിയിട്ടുള്ളത്.
അപകടത്തിൽപ്പെട്ട ബസുകൾക്ക് ഇൻഷുറൻസ് പരിരക്ഷ ഉണ്ടെന്നും ജീവനക്കാരിൽ നിന്നും നഷ്ടം ഈടാക്കുന്നുണ്ടെന്നും ചിറയിൻകീഴ് സ്വദേശി ബിജീഷ് കുമാറിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിൽ വ്യക്തമാക്കുന്നു.
അശ്രദ്ധമായി ബസ് ഓടിച്ച് അപകടമുണ്ടാക്കിയതിനും മദ്യപിച്ച് ബസ് ഓടിച്ചതിനും അഞ്ച് ഡ്രൈവർ കം കണ്ടക്ടർമാരെ പിരിച്ചു വിട്ടിട്ടുണ്ട്.
ഇവർ ജോലിക്ക് കയറിയപ്പോൾ കരുതൽ തുകയായി 30,000 രൂപ അടച്ചിരുന്നു. പിരിച്ചു വിട്ട ജീവനക്കാർക്ക് ഈ തുക തിരിച്ചു നല്കില്ല.
കെ സ്വിഫ്റ്റ് നിലവിൽ 69 സർവീസുകളാണ് നടത്തുന്നത്. ഇതിൽ ഗൗരവമായ 69 അപകടങ്ങളുമുണ്ടായിട്ടുണ്ട്. നിസാരമായ അപകടങ്ങൾ ഉൾപ്പെടെ 91 അപകടങ്ങൾ എന്നാണ് കണക്ക്.
കെ സ്വിഫ്റ്റിന്റെ ഉദ്ഘാടന സർവീസ് തന്നെ കല്ലമ്പലത്ത് വച്ച് അപകടത്തിൽപ്പെട്ടിരുന്നു. സൈഡ് ഗ്ലാസ് മാത്രം തകർന്ന ഇത്തരം അപകടങ്ങൾ നിസാര അപകടങ്ങളുടെ പട്ടികയിലാണ്.
141ബസുകൾ ഉണ്ടെങ്കിലും 69 സർവീസുകളാണ് ഇപ്പോൾനടത്തുന്നത്. ആകെ നടത്തുന്ന സർവീസുകളെക്കാൾ കൂടുതലാണ് നിസാര കാലത്തിനുള്ളിലുണ്ടായ അപകടങ്ങൾ .
രാത്രികാല സർവീസുകളും വിശ്രമമില്ലാത്ത ജോലിയും പരിചയ സമ്പത്തില്ലാത്തതുമാണ് അപകടകാരണമായി കണക്കാക്കുന്നത്.
കെ സ്വിഫ്റ്റിന്റെ അപകട നിരക്ക് വലിയ തോതിലാണ്. എന്നാൽ കെ എസ്ആർടിസിയിൽ അപകട നിരക്ക് ഏറ്റവും താഴ്ന്ന തോതിലാണെന്നും ജീവനക്കാർ ചൂണ്ടിക്കാട്ടി.