തിരുവനന്തപുരം: കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനമത്സരത്തിന് കാണികൾ കുറഞ്ഞ സംഭവത്തിൽ വിമർശനവുമായി സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ.
പട്ടിണി കിടക്കുന്നവർ കളി കാണേണ്ട എന്ന കായികമന്ത്രി വി.അബ്ദുറഹിമാന്റെ പരാമർശത്തിനെതിരെയാണ് പന്ന്യൻ രവീന്ദ്രൻ വിമർശനമുന്നയിച്ചിരിക്കുന്നത്.
കാര്യവട്ടം സ്റ്റേഡിയത്തിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്നാം ഏകദിനം കാണാൻ കഴിഞ്ഞവർ മഹാഭാഗ്യവാന്മാരാണെന്ന് പറയാം.
വിരാട് കോലിയും ശുഭ്മൻഗില്ലും നിറഞ്ഞാടിയതും എതിരാളികളെ എറിഞ്ഞൊതുക്കി സിറാജ് നടത്തിയ ഉജ്വല പ്രകടനവും വിജയത്തിന്റെ വഴി എളുപ്പമാക്കി. കളിയിലെ ഓരോ ഓവറും പ്രത്യേകതകൾനിറഞ്ഞതും ആവേശം കൊള്ളിക്കുന്നതുമായിരുന്നു.
നിർഭാഗ്യത്തിന് ഒഴിഞ്ഞ ഗാലറിയാണ് കളിക്കാരെ സ്വീകരിച്ചത്. ഇത് പരിതാപകരമാണ്. പട്ടിണി കിടക്കുന്നവർ കളികാണേണ്ട എന്ന പരാമർശം വരുത്തിവച്ച വിന ഇന്നലെ നേരിൽകണ്ടു.
നാൽപതിനായിരത്തോളം ടിക്കറ്റ് വിറ്റ സ്ഥലത്ത് ആറായിരമായി ചുരുങ്ങിയതിൽ വന്ന നഷ്ടം കെസിഎക്ക് മാത്രമല്ല സർക്കാറിന് കൂടിയാണെന്ന് പരാമർശക്കാർ ഇനിയെങ്കിലും മനസിലാക്കണം -പന്ന്യൻ രവീന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.
കായിക രംഗത്തെ പരമാവധി പ്രോൽസാഹിപ്പിക്കുവാൻ ബാധ്യതപ്പെട്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാൻ ശ്രമിക്കരുത്.
വിവാദങ്ങൾൾക്ക് പകരം വിവേകത്തിന്റെ വഴി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയാറാകണം. ഇന്റർ നാഷനൽ മൽസരങ്ങൾ നഷ്ടപ്പെട്ടാൽ നഷ്ടം ക്രിക്കറ്റ് ആരാധകർക്കും സംസ്ഥാന സർക്കാരിനുമാണ്.
കാണികളെത്താതിരുന്നതിന് കാരണം മന്ത്രിയുടെ നെഗറ്റീവ് കമന്റാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന് (കെസിഎ) പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു.
മന്ത്രിയുടെ വാക്കുകളോടുള്ള ജനങ്ങളുടെ പ്രതികരണമാണ് സ്റ്റേഡിയം കാലിയായി കിടക്കാന്‍ കാരണം. കെസിഎ ആണ് മത്സരം നടത്തുന്നതെന്ന് കുറച്ചാളുകള്‍ക്ക് മാത്രമേ അറിയൂ.
സര്‍ക്കാരാണ് മത്സരം നടത്തുന്നതെന്നാണ് ഭൂരിഭാഗം ആളുകളും കരുതുന്നത്. അപ്പോള്‍ അത്തരത്തിലൊരു കമന്റ് വരുമ്പോള്‍ ആളുകള്‍ സ്വാഭാവികമായി പ്രതികരിക്കുന്നത് അതിനോടാണെന്നും ജയേഷ് പറഞ്ഞു.