തൊടുപുഴ: പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിനിരയായ കുമളി സ്വദേശി ഷെഫീക്കിനെ സംരക്ഷിക്കുന്ന വാഗമണ്‍ കോലാഹലമേട് സ്വദേശിനി രാഗിണിക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കി ഉത്തരവിറങ്ങി.
ജില്ലയില്‍ വനിതാശിശുക്ഷേമവകുപ്പില് ആദ്യം ഒഴിവു വരുന്ന അറ്റന്‍ഡര്‍ തസ്തികയില്‍ രാഗിണിക്കു നിയമനം ലഭിക്കും. എന്നാല്‍ ഇപ്പോഴും പരസഹായമില്ലാതെ കിടക്കയില്‍ നിന്നുപോലും എഴുന്നേൽക്കാന് കഴിയാത്ത ഷെഫീക്കിനെ വിട്ടുമാറി നില്ക്കാന് കഴിയാത്ത അവസ്ഥയിലാണെന്നാണ് രാഗിണി പറയുന്നത്.
പത്തു വര്‍ഷമായി രാഗിണിയുടെ സംരക്ഷണയിലാണ് ഷെഫീക്ക് കഴിയുന്നത്. തൊടുപുഴ അല്‍ അസ്ഹര്‍ മെഡിക്കല്‍ കോളേജാണ് രാഗിണിയുടെയും ഷെഫീക്കിന്റെയും സംരക്ഷണച്ചുമതല ഏറ്റെടുത്തിരിക്കുന്നത്.
2013-ജൂലൈ 15നാണ് പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂരമര്‍ദനത്തിന് ഷെഫീക്ക് ഇരയാകുന്നത്. മൃതപ്രായനായ നിലയിലാണ് നാലു വയസുകാരനെ ആശുപത്രിയിലെത്തിച്ചത്.
പിന്നീട്, വിദഗ്ധ ചികിത്സയ്ക്കായി വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ച ഷെഫീക്ക് സാവാധാനം ജീവിതത്തിലേക്കു തിരിച്ചുവരികയായിരുന്നു.
തുടർന്ന്, അങ്കണവാടിയില്‍ ഹെല്‍പ്പറായി ജോലി നോക്കിയിരുന്ന രാഗിണി ഷെഫീക്കിന്റെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു. 2015-ലാണ് രാഗിണിക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്തത്.