വിവാഹനിശ്ചയത്തിന് ശേഷം വിവാഹം മുടങ്ങിയതിന് വരന് നഷ്ടപരിഹാരമായി 1.94 കോടി രൂപ നൽകാൻ ചൈനീസ് യുവതിയോട് കോടതിയുടെ ഉത്തരവ്.
ലിയു എന്ന ചൈനീസ് യുവതിയോടാണ് ഷാങ്ഹായ് കോടതി 8,70,000 യുവാൻ (1.94 കോടി രൂപ) വരനായ സാങ്ങിന് നൽകണമെന്ന് ഉത്തരവിട്ടത്.
മുൻ വിവാഹത്തിൽ ഒരു മകളുള്ള ലീയുമായി 2015 മുതലാണ് സാങ് പ്രണയത്തിലാകുന്നത്. ഇഷ്ടത്തിലായി രണ്ടു വർഷങ്ങൾക്കു ശേഷം ഇരുവരും തമ്മിൽ വിവാഹ ശേഷമുള്ള സാമ്പത്തിക കാര്യങ്ങളിൽ തീരുമാനമാക്കി കൊണ്ടുള്ള ഒരു എഗ്രിമെൻറ് തയ്യാറാക്കിയിരുന്നു.
ഈ എഗ്രിമെൻറ് പ്രകാരം ലിയു വിന്റെ മകളുടെ വിദേശ പഠനത്തിന് ആവശ്യമായ തുക മുഴുവൻ താൻ ചിലവഴിച്ചു കൊള്ളാമെന്ന് സാങ് ഉറപ്പു നൽകിയിരുന്നു.
താനുമായുള്ള വിവാഹത്തിൽ നിന്ന് ലിയു ഒരിക്കലും പിന്മാറില്ല എന്നായിരുന്നു സാങ് കരുതിയിരുന്നത്.
കാമുകിയെ ആത്മാർത്ഥമായി വിശ്വസിച്ച അയാൾ വിവാഹത്തിനുമുൻപ് തന്നെ അവളുടെ മകളുടെ പഠനത്തിന് ആവശ്യമായ പണം മുഴുവൻ ചിലവഴിക്കാൻ തീരുമാനിച്ചു.
അങ്ങനെ ലീയുവിന്റെ മകളുടെ പഠന ചെലവിനായി 1.20 കോടി രൂപ വിവാഹത്തിനു മുമ്പ് തന്നെ അദ്ദേഹം ചിലവഴിച്ചു.
എന്നാൽ, പണം മുഴുവൻ ചെലവഴിച്ചതിന് തൊട്ടു പിന്നാലെ അദ്ദേഹത്തെ തേടി ആ ഞെട്ടിക്കുന്ന വാർത്ത എത്തി. അമ്മയ്ക്ക് സമ്മതമല്ലാത്തതിനാൽ താൻ വിവാഹത്തിൽ നിന്ന് പിന്മാറുന്നു എന്ന് ലിയു അദ്ദേഹത്തെ അറിയിച്ചു.
ഈ വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചു എന്ന് മാത്രമല്ല താൻ ചെലവഴിച്ച പണം തിരികെ ചോദിച്ചപ്പോൾ അത് മടക്കി നൽകാനും ലിയു തയാറായില്ല.
ഇതിനെ തുടർന്നാണ് സാങ് കോടതിയിൽ തന്റെ പരാതിയുമായി എത്തിയത്. കോടതിവിധി തനിക്ക് എതിരാകും എന്ന് ഉറപ്പായപ്പോൾ ലിയു വീണ്ടും നാടകവുമായി സാങ്ങിന് മുൻപിലെത്തി. തനിക്ക് വിവാഹത്തിന് സമ്മതമാണ് എന്ന് അറിയിച്ചുകൊണ്ടായിരുന്നു ആ വരവ്.
എന്നാൽ സാങ് അതിന് തയ്യാറായില്ല എന്ന് മാത്രമല്ല കേസുമായി മുൻപോട്ടു പോകുകയും ചെയ്തു. ഒടുവിൽ കോടതി സാങ്ങിന് അനുകൂലമായി വിധി പ്രഖ്യാപിക്കുകയായിരുന്നു.