തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ്-പുതുവത്സര ബമ്പർ നറുക്കെടുപ്പ് ഇന്ന്ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടക്കും.
ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉദ്ഘാടനവും 2023ലെ സമ്മർ ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനവും ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നു നിർവഹിക്കും.
ചടങ്ങിൽ ഗതാഗത മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും. വി.കെ. പ്രശാന്ത് എം.എൽഎ, പ്രശസ്ത അന്താരാഷ്ട്ര ഭൗമശാസ്ത്രജ്ഞൻ അശ്വിൻ ശേഖർ, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ എബ്രഹാം റെൻ തുടങ്ങിയവരും പങ്കെടുക്കും.
16 കോടിയാണ് ഇത്തവണ ക്രിസ്മസ്-പുതുവത്സര ബമ്പർ ഒന്നാം സമ്മാനം.കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്.
രണ്ടാം സമ്മാനം ഒരു കോടി വീതം പത്ത് പേർക്ക്. മൂന്നാം സമ്മാനം ഒരു ലക്ഷം വീതം 20 പേർക്ക്. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നുലക്ഷം രൂപയും ലഭിക്കും.
ഇത്തവണ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്. സമ്മാനത്തുക കൂട്ടിയെങ്കിലും ടിക്കറ്റ് വില്പനയിൽ കുറവ് വന്നിട്ടുണ്ട്. ഉയര്ന്ന ടിക്കറ്റ് നിരക്കാണ് ഇതിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു.
ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന ഇത്തവണത്തെ സമ്മർ ബമ്പർ 2023 ഭാഗ്യക്കുറിക്ക് ആറു പരമ്പരകളാണുണ്ടാകുക. ഒന്നാം സമ്മാനം 10 കോടി രൂപയും രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും.
ആകെ സമ്മാനങ്ങൾ കഴിഞ്ഞ വർഷത്തേതിന്റെ ഇരട്ടിയായി വർധിപ്പിച്ചിട്ടുണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്. 250 രൂപയാണു ടിക്കറ്റ് വില. നറുക്കെടുപ്പ് 2023 മാർച്ച് 23ന്.
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഉദ്ഘാടനം ചെയ്യപ്പെടുന്നതോടെ പ്രതിദിന നറുക്കെടുപ്പുകൾ തത്സമയം തന്നെ https://www.youtube.com/@ksldsm/streams എന്ന യൂട്യൂബ് അക്കൗണ്ടിൽ ലഭ്യമാകും. https://www.facebook.com/ksldsm എന്നതാണ് വകുപ്പിന്റെ ഫേസ്ബുക്ക് വിലാസം.