കൊച്ചി: എളമക്കരയിൽ ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിനു പിന്നിൽ കുടുംബപ്രശ്നങ്ങളെന്നു പോലീസ്. കേസുമായി ബന്ധപ്പെട്ട് എറണാകുളം കറുകപ്പള്ളിയിൽ താമസിക്കുന്ന തമിഴ്നാട് മധുര സ്വദേശി മണികണ്ഠൻ(33) ആണ് എളമക്കര പോലീസിന്റെ പിടിയിലായത്.
സ്ഥിരം മദ്യപാനിയായ മണികണ്ഠൻ മദ്യപിച്ചെത്തി വീട്ടിൽ വഴക്ക് പതിവായിരുന്നുവെന്നു പോലീസ് പറഞ്ഞു.ഇന്നലെ രാവിലെയാണ് ഭാര്യ മഹേശ്വരിയെ ഇയാൾ വാക്കത്തികൊണ്ട് വെട്ടി പരിക്കേൽപ്പിച്ചത്.
സാരമായി പരിക്കേറ്റ മഹേശ്വരി കളമശേരി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരുടെ കൈയ്ക്കും ദേഹത്തുമായി 12ലധികം വെട്ടേറ്റിട്ടുണ്ട്.
എളമക്കര എസ്ബിഐ ബാങ്കിന് സമീപത്തെ സൂപ്പർ മാർക്കറ്റിന് മുകളിൽ കഴിഞ്ഞ ഒരുവർഷമായി താമസിച്ചുവരികയായിരുന്ന ഇവർ നാല് വർഷം മുന്പാണ് കൊച്ചിയിലെത്തിയത്.
ഇന്നലെ രാവിലെ ഉച്ചത്തിലുള്ള നിലവിളി കേട്ട് വീട്ടുടമ സ്ഥലത്തെത്തിയപ്പോൾ ചോരയിൽ കുളിച്ചുകിടക്കുന്ന മഹേശ്വരിയെയാണ് കണ്ടത്. ഉടൻ തന്നെ ഇയാൾ ബന്ധുക്കളെ വിളിച്ചുവരുത്തി മഹേശ്വരിയെ ആശുപത്രിയിലെത്തിച്ചു.
പിന്നീട് ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു. വാക്കത്തികൊണ്ടാണ് മണികണ്ഠൻ മഹേശ്വരിയെ വെട്ടിപരിക്കേൽപ്പിച്ചത്.
ആക്രണത്തിന് ശേഷം മുങ്ങിയ ഇയാളെ ചങ്ങാടംപോക്കുതോടിന് സമീപം കണ്ടെത്തിയതിനെത്തുടർന്ന് പോലീസ് ഇവിടേക്ക് എത്തി.
പോലീസിനെ കണ്ട് ഇയാൾ തോട് നീന്തി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരുടെ രണ്ടു പെണ്മക്കളും തമിഴ്നാട്ടിലാണുള്ളത്.