വൈപ്പിൻ: എടവനക്കാട്ടെ കൊലപാതകത്തിൽ രമ്യയെ കഴുത്തിൽ പ്ലാസ്റ്റിക് കയർ മുറുക്കി കൊന്ന ടെറസിന്റെ മുകളിൽ രക്തപ്പാടുകൾ കണ്ടെത്തി.
ഇന്നലെ പ്രതിയായ ഭർത്താവ് അറക്കപ്പറന്പിൽ സജീവനെ-45 പോലീസ് വീണ്ടും കൊല നടന്ന വാടകവീട്ടിൽ എത്തിച്ച് തെളിവെടുത്തപ്പോഴാണ് ടെറസിൽ രക്തക്കറ കണ്ടെത്തിയത്.
കൂടാതെ രമ്യ കൊലചെയ്യപ്പെടുന്ന നേരത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളുടെ കരിഞ്ഞ അവശിഷ്ടങ്ങളും തെളിവെടുപ്പിനിടെ പോലീസ് സംഘം കണ്ടെത്തി.
കൊലപാതകത്തിനുശേഷം മൃതദേഹത്തിൽനിന്നും ഊരിമാറ്റിയ വസ്ത്രങ്ങൾ കത്തിച്ചുകളയുകയായിരുന്നു. മുറ്റവും മുറിയും മുഴുവൻ അരിച്ചു പെറുക്കിയ പോലീസ് സംഘം വീട്ടുവളപ്പിന്റെ പടിഞ്ഞാറുഭാഗത്താണ് വസ്ത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
മൂക്കുത്തിക്കായി മുറ്റംഅരിച്ചുപെറുക്കി പോലീസ്
രമ്യയുടെ സ്വർണ മൂക്കൂത്തി എവിടെപ്പോയി, ഇന്നലെ വീണ്ടും തെളിവെടുപ്പിനെത്തിയ പോലീസ് സംഘം മൂക്കൂത്തിക്ക് വേണ്ടി രമ്യയെ കൊന്നു കുഴിച്ചിട്ട എടവനക്കാട്ടെ വാടകവീടിന്റെ മുറ്റത്തെ കുഴിയും കൊല നടത്തിയ ടെറസും, വീടിനകവുമെല്ലാം അരിച്ചു പെറുക്കി.
മെറ്റൽ ഡിറ്റക്റ്റർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും മൂക്കൂത്തി കണ്ടെടുക്കാനായില്ല. കുഴിച്ചിടുന്പോൾ മൃതദേഹത്തിൽ ഉണ്ടായിരുന്നുവെന്ന് പ്രതിയുടെ മൊഴി പ്രകാരമാണ് മൂക്കൂത്തിക്കായി പോലീസ് തെരച്ചിൽ നടത്തിയത്.
പക്ഷേ ഒന്നും കണ്ടെത്താനായില്ല. ശ്രമം പരാജയപ്പെട്ട പോലീസ് സ്വർണം മാത്രം കണ്ടെത്തുന്ന അത്യാധുനിക ഡിക്ടറ്റർ എത്തിച്ച് വീണ്ടും പരിശോധിക്കാനുള്ള നീക്കത്തിലാണ്.
സിം കാർഡും ഫോണ് അവശിഷ്ടങ്ങളും കണ്ടെത്തണം
മൂക്കുത്തിക്ക് പുറമെ രമ്യ ഉപയോഗിച്ചിരുന്ന ഫോണ്, അതിന്റ സിം കാർഡ് എന്നിവക്കും വേണ്ടി തെരച്ചിൽ നടന്നു. ഇതെല്ലാം പോലീസിനു കേസ് ബലപ്പെടുത്താനുള്ള ഉപ തെളിവുകളാണ്.
ഫോണ് തല്ലിപ്പൊട്ടിച്ചു കത്തിച്ചു കളഞ്ഞെന്ന പ്രതിയുടെ മൊഴിയനുസരിച്ച് കത്തിച്ചിടത്തെ ചാരം മുഴുവൻ ശാസ്ത്രീയ സംഘവും പോലീസും ചേർന്ന് പരിശോധിച്ചിരുന്നു. പക്ഷേ ഒന്നും കണ്ടെത്താനായില്ല.
ചവറുകൾ കൂട്ടിയിട്ട് കത്തിക്കുന്നിടത്തെ ചാരം ഇതിനുശേഷം പലകുറി വാരിക്കളഞ്ഞിട്ടുള്ളതിനാലാണ് അവശിഷ്ടങ്ങൾ കാണാത്തെന്നാണ് പ്രതി പോലീസിനെ ധരിപ്പിച്ചിട്ടുളളത്.
ഏഴു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെയും കൊണ്ട് പോലീസ് ഇന്നും തെളിവെടുപ്പ് തുടരും
പോലീസ് തേടുന്നത് ശാസ്ത്രീയ തെളിവുകൾ
കൊല നടത്തിയത് സജീവ് ആണെന്ന് സമർഥിക്കാൻ ദൃസാക്ഷികൾ ഇല്ലാത്ത സാഹചര്യത്തിൽ പരമാവധി ശാസ്ത്രീയമായ തെളിവുകൾ ശേഖരിച്ച് കേസിനു ബലമുണ്ടാക്കലാണ് പോലീസിന്റെ ലക്ഷ്യമത്രേ.
ഇത്തരം തെളിവുകളിൽ പ്രധാനമാണ് കൊലക്ക് ശേഷം നശിപ്പിച്ചു കളഞ്ഞു എന്ന് പറയുന്ന രമ്യയുടെ മൊബൈൽഫോണിന്റെ അവശിഷ്ടങ്ങളും സിംകാർഡും.
കൂടാതെ ഭാര്യയെ കൊലപ്പെടുത്തിയതോടനുബന്ധിച്ച് കൊന്നുകളഞ്ഞ വളർത്തുനായയെക്കുറിച്ചുള്ള തെളിവുകളും കണ്ടെത്തേണ്ടതുണ്ട്.
ടെറസിൽ നിന്നും രക്തം വീണ പാടുകൾ കണ്ടെത്തിയത് മനുഷ്യരക്തമാണെന്നാണ് സൂചന. പറവൂർ ഡിവൈഎസ്പി എം.കെ. മുരളിയുടെ നേതൃത്വത്തിൽ സിഐമാരായ രാജൻ കെ. അരമന, എ.എൽ. യേശുദാസ്, എസ്ഐ മാരായ മാഹിൻ സലീം, വി.എ. ഡോളി, എഎസ്ഐമാരായ സി.എ. ഷാഹിർ, ദേവരാജ് എന്നിവരാണ് പ്രതിയെ തെളിവെടുപ്പിനായി എത്തിച്ചത്.