മുംബൈ: മോഡലും നടിയുമായ ഷെർലിൻ ചോപ്രയുടെ പരാതിയിൽ നടി രാഖി സാവന്തിനെ ചോദ്യം ചെയ്ത് മുംബൈ പോലീസ്.
വ്യാഴാഴ്ച ഭർത്താവിനോപ്പം അംബോലി പോലീസ് സ്റ്റേഷനിലെത്തിയ നടിയെ അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തു. പിന്നീട് വൈകുന്നേരം വിട്ടയച്ചു.
ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഷെർലിൻ ചോപ്ര പോലീസിൽ പരാതി നൽകിയിരുന്നത്.
രാഖി സാവന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ ദിൻദോഷി സെഷൻസ് കോടതി തള്ളിയതിനു പിന്നാലെയാണ് നടിയെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.
കഴിഞ്ഞ വർഷം സാവന്തും ചോപ്രയും പരസ്പരം ലൈംഗികാതിക്രമം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി പോലീസിൽ പരാതി നൽകിയിരുന്നു.
ചോപ്രയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2022 നവംബർ എട്ടിന് അംബോലി പോലീസ് സാവന്തിനും അവരുടെ അഭിഭാഷകൻ ഫാൽഗുനി ബ്രഹ്മഭട്ടിനുമെതിരെ കേസെടുത്തു. തൊട്ടടുത്ത ദിവസം ഓഷിവാര പോലീസ് സ്റ്റേഷനിൽ സാവന്തും ചോപ്രയ്ക്കെതിരെ പരാതി നൽകി.
നടനും നിർമാതാവുമായ സാജിദ് ഖാനെതിരെ ചോപ്ര ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ചോപ്രയും സാവന്തും തമ്മിൽ ഉടക്കിയത്.
ഖാനെതിരെ മാധ്യമങ്ങളോട് സംസാരിക്കവെ സാവന്ത് ചോപ്രയ്ക്കെതിരെ മോശം പരാമർശങ്ങൾ നടത്തി.
ഇതിനു പ്രതികരണമായി ചോപ്ര മാധ്യമങ്ങളോട് സംസാരിച്ചപ്പോൾ സാവന്തിനെതിരെ മോശം പരാമർശം നടത്തിയെന്നും പറയുന്നു.