മട്ടന്നൂർ: കാട്ടുപന്നികൾക്കൊപ്പം നാട്ടുകാരെ പൊറുതിമുട്ടിച്ച് കുരങ്ങു ശല്യവും വ്യാപകമാകുന്നു. കൂട്ടത്തോടെയെത്തുന്ന വാനരൻമാർ കൃഷികൾ നശിപ്പിക്കുക മാത്രമല്ല വീട്ടുപകരണങ്ങളും മറ്റും നശിപ്പിക്കുക കൂടിയാണ്.
തില്ലങ്കേരി വട്ടപ്പറമ്പിൽ വീട്ടിൽകയറിയ കുരങ്ങ് ടിവി സെറ്റ് നശിപ്പിച്ചു. കെ.ഡി.തങ്കച്ചന്റെ വീട്ടിലെ കഴിഞ്ഞ ഓണത്തിന് വാങ്ങിയ ടിവിയാണ് തകർത്തത്.
വിമാനത്താവളത്തോടു ചേർന്ന പ്രദേശങ്ങൾ, പൊറോറ, ശിവപുരം ഭാഗങ്ങളിലെല്ലാം വാനരശല്യം രൂക്ഷമാണ്.പകൽസമയങ്ങളിൽ വീടുകളിലേക്ക് ഇരച്ചുകയറുന്ന കുരങ്ങുകൾ വീട്ടുകാരുടെ പേടിസ്വപ്നമായി മാറുകയാണ്.
വീടുകളുടെ ഓടും ഗ്ലാസും മറ്റും തകർക്കുകയും പ്ലാസ്റ്റിക് ഉപകരണങ്ങളും എടുത്തുകൊണ്ടു പോകുന്നതും പതിവാണ്. കല്ലും മറ്റുമായി ആളുകളെ ആക്രമിക്കുന്നതും പതിവാണെന്ന് നാട്ടുകാർ പറയുന്നു.
കാട്ടുപന്നികളുടെ ശല്യം വ്യാപകമാണെങ്കിലും കഴിഞ്ഞ ഏതാനും വർഷങ്ങളായാണ് കുരങ്ങുകളുടെ ശല്യം കൂടിവന്നത്. വാഴ, മരച്ചീനി ഉൾപ്പടെയുള്ള കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നതും പതിവാണ്.
നടീൽ വസ്തുകൾ മുഴുവൻ വാനരൻമാർ പിഴുതു നശിപ്പിക്കുകയാണെന്നും കർഷകർ പറയുന്നു. കുരങ്ങുകളുടെ ശല്യമില്ലാതിരുന്ന പ്രദേശങ്ങളിലും ഈയിടെയായി ഇവ എത്തിച്ചേരുന്നുണ്ട്.
കാട്ടുപന്നികളെ തടയാൻ പല രീതികളും കർഷകർ പ്രയോഗിക്കുന്നുണ്ടെങ്കിലും കുരങ്ങുകളുടെ കാര്യത്തിൽ ഇവയൊന്നും ഫലപ്രദമാകുന്നില്ല. കൂട്ടമായെത്തി വീടുകളിലും മറ്റും വലിയ നാശനഷ്ടങ്ങളുണ്ടാക്കി ഓടിമറയുകയാണ് വാനരപ്പട.