ഹരിപ്പാട്: വൈദികന്റെ ബൈക്ക് മോഷണം നടത്തിയ കേസിൽ നിരവധി മോഷണ കേസിൽ പ്രതികളായ രണ്ട് യുവാക്കൾ പോലീസ് പിടിയിൽ.
എറണാകുളം ഇടപ്പള്ളിയിൽ തിരുനിലത്ത് വീട്ടിൽ ആദിത്യൻ (അയ്യപ്പൻ-20), കളമശേരി വട്ടേകുന്നിൽ സാദിഖ് (കുഞ്ഞൻ-18) എന്നിവരെ കരീലകുളങ്ങര പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ഞായറാഴ്ച രാവിലെ ചേപ്പാട് കത്തോലിക്ക പള്ളി സെമിത്തേരിയുടെ മുന്നിൽ വച്ചിരുന്ന പള്ളി വികാരി ഫാ. ജയിംസിന്റെ ബൈക്കാണ് ഇവർ മോഷ്ടിച്ചത്.
സിസിടിവിയുടെയും സൈബർ സെല്ലിന്റെയും നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ യുവാക്കളാണ് മോഷണം നടത്തിയതെന്ന് മനസിലായി.
എറണാകുളത്തു നിന്നു സാഹസികമായാണ് പ്രതികളെ പിടികൂടിയത്. ഇതുകൂടാതെ കഴിഞ്ഞദിവസം കൊല്ലത്തു നിന്നു മറ്റൊരു ബൈക്കും ഇവർ കവർന്നിരുന്നു. പിന്നീട് എറണാകുളത്തേക്ക് സംഘം കടക്കുകയായിരുന്നു.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈഎസ്പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലകുളങ്ങര എസ്ഐ സുനുമോൻ.കെ പോലീസ് ഉദ്യോഗസ്ഥരായ പ്രസാദ്, വിനീഷ്, വിമലേഷ്, മോണിക്കുട്ടൻ, അനീസ്, സജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.