തിരുവനന്തപുരം: ഗുണ്ടാ-മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരേ കൂടുതൽ നടപടികൾ. രണ്ട് ഡിവൈഎസ്പിമാരടക്കം 25 പൊലീസുകാര്‍ക്കെതിരേ വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങി.
പത്ത് സിഐമാർ, ഏഴ് എസ്ഐമാർ, 6 സിവിൽ പോലീസ് ഓഫീസർമാർ എന്നിവർക്കെതിരെയാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്.
നിലവിൽ തലസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണമെങ്കിലും മറ്റ് ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് ആലോചന.
ഗുണ്ടകളുമായുള്ള ബന്ധം വഴി അനധികൃത സ്വത്ത് സന്പാദനം നടത്തിയെന്ന വിലയിരുത്തലിലാണ് വിജിലൻസ് അന്വേഷണം.
അതേസമയം ഗുണ്ടാ- മാഫിയ ബന്ധത്തെത്തുടർന്ന് പോലീസുകാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയ തിരുവനന്തപുരം മംഗലപുരം പൊലീസിൽ സ്റ്റേഷനിൽ റൂറൽ എസ്.പി. ഡി.ശിൽപ്പ കൂടുതൽ നടപടികളിലേക്ക് കടന്നു.
ആരോപണം ഉയർന്ന പ്രധാനപ്പെട്ട കേസുകളുടെ ഫയലുകൾ എസ്പി വിളിച്ചുവരുത്തി പരിശോധന തുടങ്ങി. സാന്പത്തിക, തൊഴിൽ തട്ടിപ്പ് തർക്ക കേസുകളുടേയും പിടിച്ചുപറി കേസുകളുടേയും ഫയലുകളാണ് വീണ്ടും പരിശോധിക്കുന്നത്.
ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെല കൂടുതൽ നടപടികളുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം എസ്പി വ്യക്തമാക്കിയിരുന്നു.
മറ്റു ജില്ലകളിലും വരും ദിവസങ്ങളിലും ആരോപണം ഉയരുന്ന പൊലീസുകാർക്കെതിരെ നടപടിയുണ്ടാകും. ഇതിനുള്ള പരിശോധന ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് ഇക്കാര്യം പരിശോധിക്കും.