തിരുവനന്തപുരം: കാര്യക്ഷമവും വേഗതയുള്ളതുമായ യാത്രയ്ക്ക് സില്‍വര്‍ലൈന്‍ പദ്ധതി ആവശ്യം. സംസ്ഥാന സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍. ഡിപിആര്‍ അന്തിമ അനുമതിക്കായി സമര്‍പ്പിച്ചിരിക്കുകയാണ്.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം നയപ്രഖ്യാപന പ്രസംഗം ഒരു മണിക്കൂര്‍ 14 മിനിറ്റ് നീണ്ടു. സംസ്ഥാനസര്‍ക്കാരിന്റെ വികസനനേട്ടങ്ങള്‍ എണ്ണിയെണ്ണിപറഞ്ഞുകൊണ്ടായിരുന്നു നയപ്രഖ്യാപനം.
സുസ്ഥിര വികസനത്തില്‍ കേരളം മുന്നിലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. അഭിമാനകരമായ സാമ്പത്തിക വളര്‍ച്ചയാണ് സംസ്ഥാനം നേടിയത്.
അടിസ്ഥാന വിഭാഗങ്ങളുടെ ഉന്നമനമാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. നീതി ആയോഗ് കണക്കുകളില്‍ കേരളം മുന്നിലെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
നയപ്രഖ്യാപനത്തിന്റെ രണ്ട് ഭാഗത്തായുണ്ടായിരുന്ന കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ഗവര്‍ണര്‍ അതേപടി വായിച്ചു. കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള കേന്ദ്ര ശ്രമം വികസനത്തിന് തടയിടുന്നതാണെന്ന് ഗവര്‍ണര്‍ പറഞ്ഞു.
കിഫ്ബിയുടെ കടം സംസ്ഥാന സര്‍ക്കാരിന്റെ കടമായി കണക്കാക്കുന്ന കേന്ദ്ര നിലപാടിനെതിരെയുള്ള പ്രതിഷേധവും ഗവര്‍ണര്‍ അറിയിച്ചു.അതേസമയം കേന്ദ്രത്തിനെതിരെ കാര്യമായ രാഷ്ട്രീയ വിമര്‍ശനം നയപ്രഖ്യാപനത്തില്‍ ഉണ്ടായില്ല.