പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അധിക സമയ സിംഗിൾ ഡ്യൂട്ടി സമ്പ്രദായം നടപ്പാക്കായിട്ടും കെഎസ്ആർടിസി യുടെ വരുമാനം ആശാവഹമല്ല. അധികം ബസുകൾ ഓടിക്കുകയും കിലോമീറ്റർ ദൈർഘ്യം വർധിപ്പിക്കുകയും ഡീസൽ ചിലവ് കൂട്ടുകയും ചെയ്തിട്ടും അതിന് ആനുപാതികമായ വരുമാന വർധനവ് ഉണ്ടാകുന്നില്ല.
12 മണിക്കൂർ അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ പാറശാലയിൽ ഈ പരീക്ഷണം പരാജയമായിരുന്നുവെന്നാണ് ജീവനക്കാരുടെ കൂട്ടായ്മകൾ ചൂണ്ടിക്കാട്ടുന്നത്.
നെയ്യാറ്റിൻകര ഡിപ്പോയിലും അധിക സമയ സിംഗിൾ ഡ്യൂട്ടി നടപ്പാക്കിയിട്ടുണ്ട്. കെഎസ്ആർടിസിയുടെ കണക്കുകൾ പ്രകാരം തന്നെ പ്രതീക്ഷിച്ചവരുമാനം നേടാനാകുന്നില്ല എന്ന് വ്യക്തമാണ്.
സാധാരണ രീതിയിൽ സർവീസ് നടത്തിയിരുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ജനുവരി 15 ലെ സ്ഥിതിവിവര കണക്ക് പ്രകാരം 34 ബസുകളും 34 ഷെഡ്യൂളുകളും 442 ട്രിപ്പുകളുമായിരുന്നു. 21413 യാത്രക്കാർ സഞ്ചരിച്ചിരുന്നു.
8863 കിലോമീറ്റർ സർവീസ് നടത്തിയിരുന്നപ്പോൾ ദിവസ വരുമാനം 383392 രൂപയായിരുന്നു. 1853 ലിറ്റർ ഡീസൽ ചിലവ് വേണമായിരുന്നു. ഒരു കിലോമീറ്റർ വരുമാനം (ഇ പി കെ എം ) 43.26 രൂപയും ഒരു ബസിന്റെ വരുമാനം 11276 രൂപയുമായിരുന്നു.
അധിക സമയസിംഗിൾ ഡ്യൂട്ടി നടപ്പാക്കിയ ശേഷം ബസുകളുടെ എണ്ണവും ഷെഡ്യൂളുകളും 61 ആയി വർധിപ്പിച്ചു . ജനുവരി22ലെ സ്ഥിതിവിവരകണക്ക് പ്രകാരം 451 ട്രിപ്പുകൾ ഓടിയത് 10251 കിലോമീറ്റർ.
ഡീസൽ ചിലവ് 3199 ലിറ്ററായി കൂടി . യാത്രക്കാരുടെ എണ്ണം തുച്ഛമായി 21997 വർധിച്ചു. ആകെ വരുമാനം 3698 34 ആയിരുന്നു. ഒരു കിലോമീറ്റർ വരുമാനം 36.08 ആയും ഒരു ബസിന്റെ വരുമാനം 6063 രൂപയുമായി ചുരുങ്ങി.
കൂടുതൽ ബസുകൾ കൂടുതൽ ദൂരം കൂടുതൽ ഡീസൽ ചിലവാക്കി ഓടിച്ചിട്ടും അതിന് ആനുപാതികമായ വരുമാന നേട്ടം ഉണ്ടാക്കാൻ കഴിയുന്നില്ല.