എ.എല്‍. വിജയ്- അമലപോള്‍ വിവാഹത്തെക്കാള്‍ ആരാധകരും മാധ്യമങ്ങളും ആഘോഷിച്ചത് ഇവരുടെ വിവാഹമോചനവാര്ത്തകളാണ്. ഇവരുടെ വേര്‍പിരിയല്‍ വാര്‍ത്തകള്‍ ചൂടും ചൂരും ചോരാതെ മത്സരിക്കുകയായിരുന്നു തമിഴ് മാധ്യമങ്ങള്‍. ഇപ്പോള്‍ പുതിയൊരു വാര്‍ത്തയാണ് തമിഴില്‍ നിറഞ്ഞോടുന്നത്. യുവസൂപ്പര്‍സ്റ്റാര്‍ ധനൂഷും അമലയും തമ്മില്‍ അടുപ്പത്തിലാണെന്നാണ് വാര്‍ത്ത. ഈ ബന്ധമാണത്രേ വിജയ്-അമല വിവാഹമോചനത്തില്‍ കലാശിച്ചത്.
ഒരു യുവനടനുമായി അമല അടുപ്പത്തിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ നിര്‍മാതാവ് കൂടിയായ നടനെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്കാന് മാധ്യമങ്ങള്‍ തയാറായിരുന്നില്ല. ഇരുവരും രാത്രികളില്‍ ചെന്നൈ നഗരത്തിലൂടെ ഊരു ചുറ്റുന്നുണ്ടെന്നും ധനുഷിന്റെ ഭാര്യപിതാവായ രജനികാന്ത് ഇക്കാര്യത്തില്‍ അസ്വസ്ഥനാണെന്നുമാണ് മാധ്യമങ്ങള്‍ പറയുന്നത്. ഐശ്വര്യ രജനികാന്താണ് ധനുഷിന്റെ ഭാര്യ.
ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് അടുത്തതായി നിര്‍മിയ്ക്കുന്നത് അമ്മായി അച്ഛന് രജനികാന്തിന്റെ സിനിമയാണ് എന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ അതിന് പിന്നിലും ഒരു കഥയുണ്ട് എന്നാണ് ഇപ്പോഴുള്ള വിവരം. അമല പോളുമായുള്ള ബന്ധം ഉപേക്ഷിച്ചാല്‍ താങ്കള്‍ക്ക് ഞാന്‍ ഡേറ്റ് നല്‍കാം എന്ന് രജനികാന്ത് ധനുഷിനോട് പറഞ്ഞുവത്രെ. ധനുഷിനെ നേര്‍വഴി ഉപദേശിക്കാന്‍ രജനി നേരിട്ടുകണ്ടുവെന്നും സൂചനകളുണ്ട്. തമിഴില്‍ അമലയ്ക്ക് അപ്രഖ്യാപിത വിലക്ക് വന്നപ്പോള്‍ ധനുഷിന്റെ ഇടപെടലാണ് നടിയെ രക്ഷിച്ചത്. എന്നാല്‍, ഇക്കാര്യത്തില്‍ അമലയോ ധനുഷോ ഇതുവരെ യാതൊരു പ്രതികരണങ്ങളും നടത്തിയിട്ടില്ല. മാത്രമല്ല, കന്നഡയില്‍ കൂടുതല്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലാണ് അമല.